ആഫ്രിക്കൻ വൻകരയുടെ ഫുട്ബോൾ യുദ്ധത്തിന് ഇന്ന് തുടക്കമാകുന്നു. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ഉദ്ഘാടനമത്സരം ഇന്ത്യൻ സമയം ഇന്ന് രാത്രി ഒമ്പതരയ്ക്ക് കാമറൂണിൽ നടക്കും. അതിഥേയരായ കാമറൂൺ ബുർക്കിനഫാസോയെയാണ് ആദ്യ പോരിൽ നേരിടുക.
കാമറൂണിലെ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്. ഇവരെ നാല് ഗ്രൂപ്പായി തിരിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കും. ശേഷിക്കുന്ന നാല് സ്ഥാനങ്ങളിലേക്ക് മികച്ച മൂന്നാം സ്ഥാനക്കാരും യോഗ്യത നേടും. ജനുവരി 23 മുതലാണ് നോക്കൗട്ട് പോരാട്ടങ്ങൾ തുടങ്ങുക. ഫെബ്രവരി ആറിനാണ് കലാശപ്പോരാട്ടം.
2019-ലാണ് ഇതിനുമുമ്പ് നേഷൻസ് കപ്പ് നടന്നത്. അക്കുറി അൾജീരിയയാണ് കിരീടമുയർത്തിയത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന പോരാട്ടമാണിപ്പോൾ കോവിഡിനെത്തുടർന്ന് ഒരു വർഷത്തേക്ക് നീട്ടിവച്ചത്. അൾജീരിയക്ക് പുറമെ സെനഗൽ, നൈജീരിയ, ഘാന, കാമറൂൺ, ഈജ്പ്ത്, മൊറോക്കോ തുടങ്ങിയവരൊക്കേയും കിരീടം പ്രതീക്ഷിക്കുന്നവരാണ്.