SHARE

ഏഷ്യാ കപ്പ് യോ​ഗ്യതാറൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികളിലൊരാൾ അയൽക്കാരായ അഫ്​ഗാനിസ്ഥാനാണ്. റാങ്കിങ്ങിൽ ഏറെ പിന്നിലാണെങ്കിലും സമീപകാലമത്സരങ്ങളിൽ ഇന്ത്യയെ വല്ലാതെ വിറപ്പിച്ചവരാണവർ. ഏറ്റുമൊടുവിൽ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ സമനിലയിൽ തളയ്ക്കാൻ അവർക്കായി.

ലോകകപ്പ് യോ​ഗ്യതാറൗണ്ടിലായിരുന്നു ഇന്ത്യയും അഫ്​ഗാനും തമ്മിലുള്ള കഴിഞ്ഞ രണ്ട് മത്സരങ്ങൾ. ഈ രണ്ട് പോരാട്ടങ്ങളിലും ഇരുടീമുകളും ഓരോ ​ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. എവേ മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ ​ഗോളാണ് ഇന്ത്യയെ രക്ഷിച്ചതെങ്കിൽ ഹോം മത്സരത്തിൽ അഫ്​ഗാന്റെ സെൽഫ് ​ഗോളാണ് സഹായമായത്. എങ്ങനെ നോക്കിയാലും ഭാ​ഗ്യത്തിന്റെ അകമ്പടി ഇന്ത്യക്കുണ്ടായിരുന്നു. അഫ്​ഗാൻ ദേശീയ ടീം പരിശീലകൻ അനൗഷ് ദസ്ത്​ഗിറും ചൂണ്ടിക്കാണിക്കുന്നതിതാണ്.

തമ്മിൽ കളിച്ച കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വളരെയധികം ഭാ​ഗ്യം ഇന്ത്യക്കൊപ്പമുണ്ടായിരുന്നുവെന്ന് ഞാൻ പറയും, അതുകൊണ്ട് തന്നെ ഇക്കുറി ഞങ്ങളെത്തുന്നത് പകരം വീട്ടാനാണ്, ദസ്ത്​ഗിർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ദീർഘകാലം ഇന്ത്യയിൽ അഭയാർഥിയായി ജീവച്ച ദസ്ത്​ഗിറിന് ഇന്ത്യ രണ്ടാം വീട് പോലെയാണ് തോന്നുന്നത്. അഫ്​ഗാനിസ്ഥാന് ഒരിക്കലും സ്വന്തം നാട്ടിൽ കളിക്കാനാകില്ലെന്നും അതുകൊണ്ട് തന്നെ കൊൽക്കത്തയിലെ സ്റ്റേഡിയത്തിൽ കാണികൾ തിങ്ങിനിറഞ്ഞാൽ അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.