SHARE

അഫ്ഗാനിസ്ഥാന് മുന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിന് തോല്‍വി. ആദ്യം ടെസ്റ്റ് പരമ്പരയില്‍ ആയിരുന്നെങ്കില്‍ ഇത്തവണ ട്വന്റി-20യില്‍ ആണെന്ന് മാത്രം. ത്രിരാഷ്ട്ര പരമ്പരയില്‍ രണ്ടാം ജയത്തോടെ അഫ്ഗാനിസ്ഥാന്‍ ഏറെക്കുറെ ഫൈനലും ഉറപ്പിച്ചു. 25 റണ്‍സിനാണ് അഫ്ഗാന്‍ ജയം. മുഹമ്മദ് നബി തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും തകര്‍ത്തടിച്ചതാണ് സന്ദര്‍ശകര്‍ക്ക് രക്ഷയായത്. 54 പന്തില്‍ 84 റണ്‍സെടുത്ത നബി പുറത്താകാതെ നിന്നു. സ്‌കോര്‍ അഫ്ഗാന്‍ 164-6, ബംഗ്ലാദേശ് 139-10 (19.5)

ഒരുഘട്ടത്തില്‍ 19 റണ്‍സിന് മൂന്നുവിക്കറ്റെന്ന നിലയില്‍ തകര്‍ന്ന അഫ്ഗാനെ നബിയും അസ്ഗര്‍ അഫ്ഗാനുമാണ് കരകയറ്റിയത്. 37 പന്തില്‍ 40 റണ്‍സെടുത്ത അഫ്ഗാനെ മുഹമ്മദ് സയ്ഫുദീന്‍ വീഴ്ത്തി. പിന്നീടായിരുന്നു നബിയുടെ കടന്നാക്രമണം. ഏഴു പടുകൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറിയും അടക്കമാണ് നബിയുടെ 84 റണ്‍സ്. സയ്ഫുദീന്‍ 33 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടാംപന്തില്‍ ബംഗ്ലാദേശിന് ഓപ്പണര്‍ ലിട്ടണ്‍ ദാസിനെ നഷ്ടമായി. മുജീബ് റഹ്മാനായിരുന്നു വിക്കറ്റ്. ഇതടക്കം നാലുപേരെയാണ് നജീബ് തിരിച്ചയച്ചത്. ഒരുഘട്ടത്തില്‍ പോലും ജയത്തിലേക്കെന്ന് തോന്നിക്കാന്‍ ആതിഥേയര്‍ക്കായില്ല. ഫരീദ് മാലിക്, റഷീദ് ഖാന്‍, ഗുല്‍ബദിന്‍ നൈബ് എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.