SHARE

അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വിസ്മയ പ്രകടനം തുടരുന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തുവിട്ട അഫ്ഗാന്‍ യുവനിര രണ്ടാം മത്സരത്തില്‍ കരുത്തരായ ശ്രീലങ്കയെ തോല്പിച്ച് ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. 32 റണ്‍സിനാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസുകള്‍ ലങ്കയെ മറികടന്നത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 284-7, ശ്രീലങ്ക 202 (37.3 ഓവര്‍)

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഏഴാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസ് (7) പുറത്തായെങ്കിലും ഇബ്രഹിം സദ്രനും ഇക്രം ഖലിലും ടീമിനെ മുന്നോട്ടു നയിച്ചു. ലങ്കന്‍ ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ഇരുവരും സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. 89 പന്തില്‍ 55 റണ്‍സെടുത്ത ഖലില്‍ പുറത്താകുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ രണ്ടിന് 136. തൊട്ടുപിന്നാലെ ക്രീസിലെത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡാര്‍വിഷ് റസൂലി ലങ്കയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. അതോടെ റണ്‍റേറ്റും ഉയര്‍ന്നു. 44 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 63 റണ്‍സെടുത്ത റസൂലി റണ്ണൗട്ടാകുകയായിരുന്നു. ഇതിനിടെ 112 പന്തില്‍ 86 റണ്‍സെടുത്ത ഇബ്രഹിം സദ്രാനും പുറത്തായി. അവസാന ഓവറുകളില്‍ അസ്മത്തുള്ള ഒംമറാസിയുടെ വെടിക്കെട്ട് (10 പന്തില്‍ 20) അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചു.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ അടിച്ചോടിച്ച ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പക്ഷേ അഫ്ഗാന്‍ ബൗളിംഗിനു മുന്നില്‍ തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ദിമിത് ലക്ഷന്‍ രണ്ടു റണ്‍സെടുത്ത് റണ്ണൗട്ടായി. തൊട്ടുപിന്നാലെ നിപുന്‍ പെരേര (4) ക്യാപ്റ്റന്‍ നവീന്‍ ഉള്‍ഹഖിന്റെ പന്തില്‍ വീണു. സ്‌കോര്‍ രണ്ടിന് 11. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കൗശല്യ അരസിംഗെ (41), ജെഹാന്‍ ഡാനിയേല്‍ (48) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇടയ്ക്ക് മഴയെത്തിയതോടെ ലങ്കയ്ക്ക് ഇരട്ടി പ്രഹരമായി. ഇതോടെ 38 ഓവറില്‍ 235 റണ്‍സെന്ന രീതിയിലേക്ക് വിജയലക്ഷ്യം പുനക്രമീകരിച്ചു. മഴയ്ക്കുശേഷം മെന്‍ഡിസ് (32) പൊരുതി നോക്കിയെങ്കിലും ജയം അഫ്ഗാനൊപ്പം നിന്നു. നാലു വിക്കറ്റെടുത്ത അഫ്ഗാന്‍ നായകന്‍ നവീന്‍ ഉള്‍ഹഖ് ആണ് ലങ്കയെ തകര്‍ത്തത്.