SHARE

അഫ്ഗാൻ ക്രിക്കറ്റ്‌ വീണ്ടും ചരിത്രമെഴുതി. മലേഷ്യയിൽ നടന്ന അണ്ടർ 19 ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ചാമ്പ്യന്മാരായാണ് അഫ്ഗാന്റെ ചരിത്ര നേട്ടം. ആദ്യമായാണ് അഫ്ഗാൻ ഏഷ്യൻ കിരീടം ചൂടുന്നത്

മലേഷ്യയിലെ കിനാര ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ 185 റൺസിന് പാകിസ്ഥാനെ കീഴടക്കിയായിരുന്നു അവരുടെ കിരീട ധാരണം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇക്രം അലി യുടെ സെഞ്ചുറിക്കരുത്തിൽ 248 റൺസ് സ്കോർ ചെയ്തപ്പോൾ പാക്ക് മറുപടി 63 റൺസിൽ ഒതുങ്ങി. അഞ്ച് വിക്കറ്റെടുത്ത മുജീബാണ് പാകിസ്ഥാൻ ബാറ്റിംഗിനെ തകർത്തത്.

2012 ൽ തുടങ്ങിയ ടൂർണമെന്റിൽ നേരത്തെ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ജേതാക്കളായിട്ടുള്ളത്. സമീപ കാലത്ത് നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് കുതിക്കുന്ന അഫ്ഗാൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ അടയാളപ്പെടുത്താവുന്ന കിരീട നേട്ടമാണിത്. മര്യാദയ്ക്ക് ക്രിക്കറ്റ് പരിശീലനം പോലും സാധ്യമാവാത്ത നാട്ടിൽ നിന്നെത്തി വമ്പൻ ടീമുകളെ തോൽപ്പിച്ച് ചാമ്പ്യന്മാരായി മടങ്ങുന്ന അഫ്ഗാൻ താരങ്ങൾ, ‘ക്രിക്കറ്റിൽ അസാധ്യമായതൊന്നുമില്ല’ എന്ന പാഠമാണ് എല്ലാവരെയും പഠിപ്പിക്കുന്നത്