അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 148 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 26 റൺസെടുത്ത കരിം ജനതാണ് അവരുടെ ടോപ്‌സ്കോറർ. വിൻഡീസിന് വേണ്ടി കെസ്രിക്ക് വില്ല്യംസ് മൂന്ന് വിക്കറ്റുകളും, ജേസൺ ഹോൾഡർ, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് വേണ്ടി ഓപ്പണർ ഹസ്രത്തുള്ള സസായി ആഞ്ഞടിച്ച് തുടങ്ങിയെങ്കിലും 15 പന്തിൽ 26 റൺസെടുത്ത് പുറത്താവുകയായിരുന്നു. മൂന്നാമനായിറങ്ങിയ കരിൻ ജനത് 26 റൺസ് നേടി. ഇവർക്ക് പുറമേ അവസാന ഓവറുകളിൽ ഭേദപ്പെട്ട രീതിയിൽ ബാറ്റ് വീശിയ ഗുൽബാദിൻ നയീബ് മാത്രമാണ് തിളങ്ങിയത്. 24 റൺസെടുത്ത നയിബ് അവസാന ഓവറിൽ പുറത്തായി. കെസ്രിക്ക് വില്ല്യംസായിരുന്നു വിൻഡീസ് ബോളിംഗിലെ താരം 23 റൺസ് മാത്രംവിട്ടു കൊടുത്ത് താരം 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 2 വിക്കറ്റ് വീതമെടുത്ത ജേസൺ ഹോൾഡർ, കീമോപോൾ എന്നിവർ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.