SHARE

ലോക ക്രിക്കറ്റില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. റാഷിദ് ഖാന്‍, മുജീബ് സദ്‌റാന്‍ തുടങ്ങിയ അഫ്ഗാന്‍ താരങ്ങള്‍ക്കെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരാധകരേറെയാണ്. ഇന്ത്യയും മികച്ച പിന്തുണയാണ് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നല്‍കുന്നത്. അതിനിടെ അഫ്ഗാന്‍ പൗരന്‍മാരുടെ ദേശീയ ഐഡന്റിറ്റിയെ പിന്തുണക്കാന്‍ തന്റെ പേരു മാറ്റിയിരിക്കുകയാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി.

അസ്ഗര്‍ അഫ്ഗാന്‍ എന്ന പേരിലായിരിക്കും ഇനി ക്യാപ്റ്റന്‍ അറിയപ്പെടുകയെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. ഈ പേരില്‍ പുതിയ ഇലക്ട്രോണിക് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡിന് വേണ്ടി ക്യാപ്റ്റന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാന്‍ ദേശീയതയെ പിന്തുണച്ച് കൊണ്ടുള്ള ക്യാപ്റ്റന്റെ നീക്കത്തിന് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ നല്‍കുന്നത്.

2009ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അസ്ഗന്‍ സ്റ്റാനിക്‌സായി അഫ്ഗാനിസ്ഥാന് വേണ്ടി 1 ടെസ്റ്റ് മത്സരവും 86 ഏകദിന മത്സരങ്ങളും 54 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 1651 റണ്‍സും ടി20യില്‍ 939 റണ്‍സുമാണ് അഫ്ഗാന്‍ ക്യാപ്റ്റന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യയ്‌ക്കെതിരെ ജൂണ്‍ മാസത്തില്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോള്‍ സ്റ്റാനിക്‌സായിയാണ് ടീമിനെ നയിച്ചത്.