SHARE

അഫ്ഗാൻ പ്രതിരോധ താരം സോഹിബ് ഇസ്ലാം അമിരിയെ ടീമിലെത്തിക്കാനൊരുങ്ങി ഐലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ് സി. അഫ്ഗാൻ ദേശീയ ടീമിന് വേണ്ടി എറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമായ അമിരി, ഗോകുലം ക്ലബ്ബുമായി കരാർ കാര്യത്തിൽ വാക്കാൽ ധാരണയിലെത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ കാനഡയിലുള്ള അമിരി വിസ നടപടികൾ ശരിയാകുന്നതോടെ ഇന്ത്യയിലെത്തുകയും കരാറിൽ ഒപ്പു വെക്കുകയും ചെയ്യും. അടുത്തയാഴ്ച തന്നെ ഇത് സംഭവിക്കുമെന്നാണ് സൂചന.

2011 ൽ തന്റെ 21-ം വയസിൽ ഇന്ത്യയിലെത്തിയ അമിരി മുംബൈ സിറ്റി എഫ് സിക്ക് വേണ്ടി മൂന്ന് സീസണുകളിൽ കളിച്ചു. തുടർന്ന് ഡെമ്പോ എസ് സിയിലേക്ക് മാറി. ഗോവൻ ക്ലബ്ബിനൊപ്പം രണ്ട് ഐ ലീഗ് സീസണുകളിൽ കളിച്ച ഈ പ്രതിരോധ താരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിൽ എഫ് സി ഗോവയ്ക്കായും ബൂട്ട് കെട്ടി.

ഡി എസ് കെ ശിവാജിയൻസ്, ചെന്നൈ സിറ്റി എഫ് സി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുള്ള അമിരി, കുറച്ച് നാൾ മാൽദീവിയൻ ക്ലബ്ബായ ന്യൂ റേഡിയന്റ് എസ് സി യുടേയും താരമായിരുന്നു. അഫ്ഗാൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അദ്ദേഹം 2013 ലെ സാഫ് കപ്പ് കിരീടമുയർത്തിയ അഫ്ഗാൻ ടീമിന്റെ നായകനുമായിരുന്നു‌. പരിചയസമ്പന്നനായ അമിരിയെ ടീമിലെത്തിക്കുന്നത് വരും സീസണിൽ ഗോകുലത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കും.