SHARE

ബംഗ്ലാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ആദ്യ ദിനംകളി നിർത്തുമ്പോൾ 271/5 എന്ന ‌സ്കോറിലാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടി ചരിത്രം കുറിച്ച റഹ്മത് ഷായാണ് ആദ്യ ദിനം അവർക്ക് കരുത്തായത്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ, ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 48 റൺസെത്തിയപ്പോളേക്കും അവർക്ക് ഓപ്പണർമാരെ ഇരുവരേയും നഷ്ടമായി. എന്നാൽ മൂന്നാമനായിറങ്ങിയ റഹ്മത് ഷാ മികച്ച ബാറ്റിംഗിലൂടെ ടീമിനെ മുന്നോട്ട് നയിച്ചു. ഹഷ്മത്തുള്ള ഷാഹിദി 14 റൺസെടുത്ത് പുറത്തായപ്പോൾ, അഞ്ചാമനായിറങ്ങിയ സൂപ്പർ താരം അസ്ഗർ അഫ്ഗാനെ കൂട്ടുപിടിച്ച് റഹ്മത് ഷാ, അഫ്ഗാനിസ്ഥാനെ മികച്ച തുടക്കത്തിലേക്ക് നയിക്കുകയായിരുന്നു. അഫ്ഗാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചതിന് തൊട്ട് പിന്നാലെ റഹ്മത് ഷാ പുറത്തായി. 187 പന്തിൽ 10 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 102 റൺസെടുത്താണ് താരം മടങ്ങിയത്.

-Advertisement-

മറ്റൊരു സൂപ്പർ താരം മൊഹമ്മദ് നബി റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 88 റൺസോടെ അസ്ഗർ അഫ്ഗാനും, 35 റൺസെടുത്ത അഫ്സർ സസായുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി തജിയൂൾ ഇസ്ലാം, നയീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.