SHARE

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിൽ ഇന്ത്യയിൽ വെച്ചു നടന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് ഇന്നലെ അവസാനമായി. ബംഗ്ലാദേശിനെ 3 മത്സരങ്ങളിലും പരാജയപ്പെടുത്തി അഫ്ഗാൻ നിര പരമ്പര തൂത്തുവാരുകയായിരുന്നു. ആശ്വാസ ജയം തേടിയിറങ്ങിയ അവസാന മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ എതിരാളികളുടെ ആഘോഷ പ്രകടനം കൂടി കണ്ടതോടെ പല ബംഗ്ലാ ആരാധകരുടേയും നിയന്ത്രണം വിട്ടു.

മത്സരത്തിന്റെ അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ലോംഗ് ഓണിന് മുകളിലൂടെ അവസാന പന്ത് പറത്താനുള്ള ബംഗ്ലാ ബാറ്റ്സ്മാന്റെ ശ്രമം പക്ഷേ അഫ്ഗാൻ ഫീൽഡറുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനത്തിന് മുന്നിൽ തടസം നിന്നു. എങ്കിലും രണ്ട് റൺ ഓടിയെടുത്ത ബംഗ്ലാ ബാറ്റ്സ്മാന്മാർ മൂന്നാം റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായി. മത്സരംഒരു റൺസിന് അഫ്ഗാൻ വിജയിച്ചു.

ബംഗ്ലാദേശ് താരങ്ങളുടെ പ്രശസ്തമായ നാഗ ഡാൻസ് (പാമ്പ് ഡാൻസ്) ചെയ്താണ് അഫ്ഗാൻ താരങ്ങൾ അവർക്കെതിരെയുള്ള വിജയം ആഘോഷിച്ചത്. അഫ്ഗാൻ താരങ്ങളുടെ ഈ ആഘോഷം ഗ്യാലറിയിലുണ്ടായിരുന്ന പല ബംഗ്ലാദേശ് ആരാധകരെയും വളരെയധികം ചൊടിപ്പിച്ചിട്ടുണ്ട് എന്നത് അവരുടെ മുഖ ഭാവങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.