SHARE

ടെസ്റ്റ് റാങ്കിംഗിലെ ഒന്നാമന്‍മാരായ ഇന്ത്യയ്‌ക്കെതിരെ ഈ മാസമാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരം കളിച്ചത്. മത്സരത്തില്‍ ദയനീയമാണ് അഫ്ഗാന്‍ പരാജയപ്പെട്ടത്. അതിനിടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുമെന്ന റപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

2019 ഫെബ്രുവരിയില്‍ അയര്‍ലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് സി ഇ ഒ ഷഫീഖ് സ്റ്റാനിക്‌സായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പുതുശക്തികളായ അഫ്ഗാന് ഐ സി സി ടെസ്റ്റ് പദവി നല്‍കിയത്. അയര്‍ലന്‍ഡും ടെസ്റ്റ് ക്രിക്കറ്റിലെ പുതുമുഖങ്ങള്‍ തന്നെയാണ്.

കഴിഞ്ഞ മാസം പാകിസ്ഥാനെതിരെ നടന്ന കന്നി ടെസ്റ്റ് മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് അയര്‍ലന്‍ഡ് പരാജയം സമ്മതിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അഫ്ഗാന്‍ അയര്‍ലന്‍ഡിനെതിരെ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.