SHARE

അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ ഒരു മാറ്റത്തിന് സാധ്യത. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് പകരം, മൊഹമ്മദ് ഷാമി ടീമിലെത്തിയേക്കുമെന്നാണ് സൂചന. ഈ ഒരു മാറ്റം മാത്രമാണ് ടീമിൽ പ്രതീക്ഷിക്കുന്നതും.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും ഓൾ റൗണ്ടർ വിജയ് ശങ്കർ ഇന്ന് കളിച്ചേക്കും. താരത്തിന്റെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന് ടീം മാനേജ്മെന്റ് തന്നെ സൂചന നൽകിയിട്ടുണ്ട്. ഇതോടെ ഋഷഭ് പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം ഇനിയും നീളും. അഫ്ഗാനെതിരെ ജയിച്ച് സെമി‌ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അത് കൊണ്ടു തന്നെ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് കോഹ്ലി ഇന്ന് ശ്രമിക്കില്ല.

ഇന്ത്യയുടെ സാധ്യതാ ഇലവൻ – രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, വിജയ് ശങ്കർ, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, മൊഹമ്മദ് ഷാമി, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ.