SHARE

വെസ്റ്റിൻഡീസിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു അഫ്ഗാനിസ്ഥാന്റെ കൗമാര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇക്രം അലി ഖിൽ കാഴ്ച വെച്ചത്. മത്സരത്തിൽ അഫ്ഗാൻ 23 റൺസിന് പരാജയപ്പെട്ടെങ്കിലും 86 റൺസ് നേടിയ ഇക്രത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധേയമായി. ഈ ഇന്നിംഗ്സോടെ ലോകകപ്പിലെ ഒരു തകർപ്പൻ റെക്കോർഡും ഇക്രം തന്റെ പേരിലാക്കി.

ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന കൗമാര താരമെന്ന റെക്കോർഡാണ് ഇപ്പോൾ ഇക്രത്തിന് സ്വന്തമായിരിക്കുന്നത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ്. 1992 ലെ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 84 റൺസ് നേടുമ്പോൾ സച്ചിന്റെ പ്രായം 18 വർഷവും, 323 ദിവസങ്ങളുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം അഫ്ഗാൻ താരം ഈ റെക്കോർഡ് മറികടക്കുമ്പോൾ പ്രായം വെറും 18 വർഷവും 278 ദിവസവും മാത്രം.