SHARE

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. സെഞ്ചുറി നേടിയ ഓപ്പണർ മൊഹമ്മദ് ഷഹ്സാദിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ 305/7 എന്ന മികച്ച സ്കോറാണ് അഫ്ഗാൻ നേടിയത്. ടോസ് നേടിയ അയർലൻഡ്, അഫ്ഗാനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങേണ്ടി വന്ന അഫ്ഗാന് അഞ്ച് റൺസെടുത്ത നൂർ അലി സദ്രാന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായെങ്കിലും, മൊഹമ്മദ് ഷഹ്സാദും, റഹ്മത് ഷായും ചേർന്ന് ടീമിനെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. ഷഹ്സാദ് 88 പന്തിൽ 16 ബൗണ്ടറികളടക്കം 101 റൺസെടുത്തപ്പോൾ, റഹ്മത് ഷാ 62 റൺസ് നേടി. 170 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ നജീബുള്ള സദ്രാൻ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് അഫ്ഗാൻ സ്കോർ മുന്നൂറ് കടത്തിയത്. 33 പന്തിൽ 7 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 60 റൺസാണ് നജീബുള്ള നേടിയത്. അയർലൻഡിനായി മാർക്ക് അഡയർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.