SHARE

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ടെസ്റ്റിൽ അരങ്ങേറുക ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരത്തോടെ. ഈ വർഷമാദ്യം ഐ സി സി യുടെ ടെസ്റ്റ് പദവി ലഭിച്ച അവർക്ക് പക്ഷേ ആദ്യ മത്സരത്തിനായി 2019 വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ അല്പം വൈകിയാണെങ്കിലും ഇന്ത്യയെപ്പോലൊരു ടീമിനെതിരെ കളി തുടങ്ങാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവർ.

ഈ വർഷം, അയർലൻഡിനൊപ്പമാണ് അഫ്ഗാനിസ്ഥാന് ഐ സി സി യുടെ മുഴുവൻ സമയ അംഗത്വം ലഭിച്ചത്‌. ഇതോടെ കാത്ത് കാത്തിരുന്ന ടെസ്റ്റ് പദവിയും അവരെ തേടിയെത്തുകയായിരുന്നു. കന്നി ടെസ്റ്റ് മത്സരം ഉറപ്പിച്ചെങ്കിലും അത് നടക്കുന്ന തീയതിയോ വേദിയോ പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐ യുടെ പുതിയ എഫ് ടി പി (ഫ്യൂച്ചർ ടൂർ പ്രോഗ്രാംസ്) ഇതേ വരെ പ്രഖ്യാപിക്കാത്തതാണ് ഇതിനു കാരണം. എഫ് ടി പി പ്രഖ്യാപിക്കുന്നതോടെ ഇന്ത്യൻ ടീമിന്റെ വരും കാല പരമ്പരകളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്ത് വരും. അതോടെ അഫ്ഗാനെതിരെയുള്ള മത്സരം നടക്കുന്ന തീയതിയും വേദിയുമെല്ലാം അറിയാൻ സാധിക്കും. എങ്കിലും 2019-20 സീസണിലെ ഇന്ത്യയുടെ സ്വദേശ പരമ്പരകൾക്കിടയിലാകും ഈ മത്സരമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏറ്റവും വേഗത്തിൽ ക്രിക്കറ്റ് വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈയടുത്ത കാലത്ത് ഒട്ടേറെ ശ്രദ്ധേയ പ്രകടനങ്ങൾ  കാഴ്ച്ച വെച്ച അവരുടെ ജൂനിയർ ടീം അണ്ടർ 19 ടീം ഏഷ്യാകപ്പും സ്വന്തമാക്കിയിരുന്നു. റാഷിദ് ഖാനെയും മൊഹമ്മദ് നബിയേയും പോലുള്ള അഫ്ഗാൻ താരങ്ങൾ ലോകക്രിക്കറ്റിൽത്തന്നെ അപകടകാരികളായാണ് അറിയപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടി എത്തപ്പെടുന്നതോടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കൂടുതൽ വികസിക്കുമെന്നും അവരുടെ പ്രകടനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നുമുള്ളത് ആർക്കും സംശയമില്ലാത്ത കാര്യമാണ്.