SHARE

ലാറ്റിനമേരിക്കൻ ഫുട്ബോൾ പോരായ കോപ്പാ അമേരിക്കയുടെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറിന് ബ്രസീൽ ബൊളീവിയയെ നേരിടുന്നതോടെ ഈ സൂപ്പർ പോരാട്ടത്തിന് തുടക്കമാകും.

കോപ്പാ അമേരിക്ക പോരാട്ടം ബ്രസീലിൽ അരങ്ങേറുമ്പോൾ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തി രണ്ട് പ്രധാന ടൂർണെമെന്റുകൾ കൂടി അരങ്ങേറുന്നുണ്ട്. ആഫ്രിക്കൻ നേഷൻസ് കപ്പും കോൺകകാഫ് ​ഗോൾഡ് കപ്പും. വടക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളുടേയും കരിബീയൻ രാജ്യങ്ങളുടേയും കൂട്ടായ്മയായ കോൺകകാഫ് മത്സരം കോപ്പ തുടങ്ങുന്ന അതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കോസ്റ്റാറിക്ക എന്നിവയാണ് ടൂർണമെന്റിലെ പ്രധാന ടീമുകൾ. ഇവർക്ക് പുറമെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച പാനമ, കിങ്സ് കപ്പിൽ കളിച്ച കുർക്കാവോ തുടങ്ങിയ ടീമുകളുമുണ്ട്. പ്രധാനമായും അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ ഏഴിനാണ്

അഫ്രിക്കയിലെ കിരീടപ്പോരാട്ടമായ നേഷൻസ് കപ്പ് ജൂൺ 22-നാണ് ആരംഭിക്കുന്നത്. ഈജിപ്തിൽ നടക്കുന്ന ടൂർണെന്റിൽ ഇക്കുറി ടീമുകളുടെ എണ്ണം 24 ആണ്. മുമ്പ് നടന്ന പോരാട്ടങ്ങളിലെല്ലാം 16 ടീമുകളാണ് കളിച്ചത്. സാധാരണ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റാണ് ഇക്കുറി നീട്ടിയത്. 22-ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ഈജിപ്ത് സിംബാവെയെ നേരിടും. ജൂലൈ 19-നാണ് കലാശപ്പോരാട്ടം