SHARE

കളിക്കളത്തില്‍ എന്നും വിവാദ നായകനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. അന്താരാഷ്ട്ര തലത്തില്‍ കളിച്ചു കൊണ്ടിരുന്നപ്പോഴും ഇപ്പോഴും അക്കാര്യത്തില്‍ വ്യത്യസ്തനല്ല. എന്നാല്‍ ഇപ്പോള്‍ അഫ്രീദിയെ വാഴ്ത്തുകയാണ് സാമൂഹിക മാധ്യമങ്ങളും ആരാധകരും. കാരണം സിംപിളാണ്. കളിക്കളത്തില്‍ എതിര്‍ടീമിലെ യുവതാരത്തോട് നടത്തിയ മോശം പെരുമാറ്റത്തിന് മാപ്പു ചോദിച്ചതാണ് അഫ്രീദിയെ ഹീറോയാക്കിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വിവാദ സംഭവം നടന്നത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേ നടന്ന മത്സരത്തില്‍ കറാച്ചി കിങ്‌സ് കളിച്ചപ്പോള്‍ എതിര്‍താരമായ പത്തൊമ്പതുകാരന്‍ സെയ്ഫ് ബദറിനെതിരേ അഫ്രീദി പ്രകോപനപരമായി സംസാരിച്ചിരുന്നു. സെയ്ഫ് പുറത്തായപ്പോഴായിരുന്നു സംഭവം. ഇത് വലിയ ചര്‍ച്ചയായി. ഇതിനുശേഷം ട്വിറ്ററില്‍ സെയ്ഫ് കുറിച്ച ട്വീറ്റാണ് സീനിയര്‍ താരത്തിന്റെ മനസു മാറ്റിയത്. അഫ്രീദി കളത്തില്‍വച്ച് മോശമായി പെരുമാറിയെങ്കിലും നിങ്ങളെ ഞാന്‍ ആരാധിക്കുന്നു എന്നാണ് സെയ്ഫ് കുറിച്ചത്. ഇതോടെ അഫ്രീദിയുടെ മനസു മാറി.

തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തി. യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ മടിക്കാറില്ലെന്നും മത്സരത്തിനിടെ പറ്റിപ്പോയതാണെന്നും അദ്ദേഹം കുറിച്ചു. മാപ്പു പറഞ്ഞതോടെ വില്ലന്‍ പരിവേഷത്തിലായിരുന്ന അഫ്രീദിക്കു സാമൂഹിക മാധ്യമങ്ങള്‍ വീര പരിവേഷം നല്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനമാണ് അഫ്രീദി നടത്തുന്നത്.