SHARE

ഏഴു വർഷ ക്രിക്കറ്റ് വിലക്ക് അവസാനിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത് പരിശീലനത്തിൽ മികച്ച ബോളിംഗ് പ്രകടനം നടത്തുന്നതായി റിപ്പോർട്ട്‌. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് തകർപ്പൻ യോർക്കറുകൾ എറിഞ്ഞിരുന്ന‌ ശ്രീശാന്തിന്റെ, യോർക്കർ മികവ് കൈമോശം വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ബാറ്റ്സ്മാന് കളിക്കാൻ അപ്രാപ്യമായ കിടിലൻ യോർക്കർ ശ്രീശാന്ത് എറിയുന്ന വീഡിയോയായാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം.

അതേ സമയം പ്രായം മുപ്പത്തിയേഴ് കഴിഞ്ഞെങ്കിലും ഇനിയും 5 മുതൽ 7 വർഷം വരെ തനിക്ക് കളിക്കളത്തിൽ തുടരാൻ കഴിയുമെന്നാണ് ശ്രീശാന്ത് വിശ്വസിക്കുന്നത്. പരിശീലനത്തിനിടെ എറിയുന്ന ഓരോ പന്തിലും താൻ തന്റെ പരമാവധി മികവ് പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും, താൻ കളിക്കുന്ന എല്ലാ ടീമുകൾക്ക് വേണ്ടിയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

-Advertisement-

അതേ സമയം വിലക്ക് മാറിയെത്തിയ ശ്രീശാന്തിന് കേരളാ‌ ടീമിലേക്കുള്ള വാതിൽ തുറന്ന് കിടക്കുകയാണെ‌‌ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന ടീമിന്റെ പരിശീലകനായ ടിനു യോഹന്നാൻ വ്യക്തമാക്കിയിരുന്നു. ടിനുവിന്റെ വാക്കുകൾ ഇങ്ങനെ, “കഠിന പരിശീലനം‌ നടത്തി, സ്വയം ആരോഗ്യവാനായി കളിക്കാനുള്ള താല്പര്യം ശ്രീശാന്ത് പ്രകടിപ്പിച്ച് കഴിഞ്ഞു. ഞങ്ങൾ ആദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ട്. ശ്രീശാന്തിനെ ഇക്കുറി ടീമിലേക്ക് പരിഗണിക്കും. എന്നാൽ അത് അദ്ദേഹത്തിന്റെ ഫോമിനേയും, ഫിറ്റ്നസിനേയും ആശ്രയിച്ചിരിക്കും. എന്നാൽ ശ്രീശാന്തിന് മുന്നിൽ വാതിൽ തുറന്ന് കിടക്കുകയാണ്.”

നേരത്തെ 2013 ലെ ഐപിഎല്ലിനിടെയുണ്ടായ വാതുവെപ്പ് വിവാദത്തെത്തുടർന്നായിരുന്നു ശ്രീ ക്രിക്കറ്റിൽ നിന്ന് പുറത്തായത്. 2013 ൽ ബിസിസിഐ താരത്തിന് ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് പിന്നീട് ഏഴ് വർഷമാക്കി ചുരുക്കി. താരത്തിനേർപ്പെടുത്തിയ 7 വർഷ വിലക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെയാണ് ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുങ്ങിയത്.