SHARE

ഇന്ത്യൻ താരങ്ങളായ വാഷിംഗ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പുറത്തായതായി റിപ്പോർട്ട്. കൗണ്ടി സെലക്ട് ഇലവനും ഇന്ത്യൻ ടീമും തമ്മിൽ നടന്ന ത്രിദിന പരിശീലന മത്സരത്തിനിടെ പരിക്കേറ്റ ഇരുവർക്കും ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കാനാവില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്നലെ വൈകിട്ട് റിപ്പോർട്ട് ചെയ്തത്. ഇന്ത്യ‌ൻ ടീമിന് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

ത്രിദിന പരിശീലന മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവൻ ടീമിന് വേണ്ടി, ഇന്ത്യക്കെതിരെ യായിരുന്നു ആവേശ് ഖാനും, വാഷിംഗ്ടൺ സുന്ദറും കളിച്ചത്. എന്നാൽ ഈ മത്സരത്തിനിടെ ഇരുവരുടേയും വിരലിന് പരിക്കേൽക്കുകയായിരുന്നു‌. ഇതിൽ വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത് മത്സരത്തിന്റെ രണ്ടാം ദിനം മൊഹമ്മദ് സിറാജ് എറിഞ്ഞ പന്ത്‌ കൊണ്ടാണെന്നാണ് സൂചനകൾ.‌ പരിക്കിന്റെ പിടിയിലായിരിക്കുന്ന ഇരു താരങ്ങളേയും ഉടൻ തന്നെ ടീം മാനേജ്മെന്റ് നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 24 പേരടങ്ങുന്ന ജംബോ സ്ക്വാഡുമായിട്ടായിരുന്നു ഇന്ത്യ, ഇംഗ്ലണ്ട് പര്യടനത്തിനായെത്തിയത്‌. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന‌് പിന്നാലെ പരിക്കേറ്റ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായിരുന്നു‌. ഇപ്പോൾ വാഷിംഗ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർക്കും പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഇന്ത്യയുടെ സ്ക്വാഡ് ബലം 21 ആയി ചുരുങ്ങിയിട്ടുണ്ട്.