SHARE

ഡേവിഡ് ജെയിംസ് പരിശീലകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കേരളാബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വിദേശ പരിശീലകരെല്ലാവരും ടീം വിട്ടു. സഹപരിശീലകൻ ഹെർമൻ ഹെഡേഴ്സൺ, ഗോൾകീപ്പിംഗ് പരിശീലകൻ റോറി ഗ്രാൻഡ്, ഫിറ്റ്നസ് പരിശീലകൻ ഡേവിഡ് റിച്ചാർഡ്സൺ എന്നിവരാണ് ഇപ്പോൾ ടീം വിട്ടിരിക്കുന്നത്. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ സീസൺ പകുതിയോടെ ഡേവിഡ് ജെയിംസ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തപ്പോളായിരുന്നു സഹപരിശീലകനായി ഹെർമ്മനും ടീമിനൊപ്പമെത്തിയത്. മുൻ ഐസ്ലൻഡ് താരമായിരുന്ന ഹെർമനും, ജെയിംസും മുൻപ് ഇംഗ്ലീഷ് ക്ലബ്ബായ പോർട്സ്മൗത്തിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ഹെർമനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. . കഴിഞ്ഞ സീസണിൽ ഐസ്ലൻഡ് താരം ഗുഡ്ജോൺ ബാൾഡ്വിൻസണെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത് ഹെർമ്മനായിരുന്നു. ടീമിനായി മികച്ച പ്രകടനമായിരുന്നു സീസൺ പകുതിക്ക് ശേഷമെത്തിയ ബാൾഡ്വിൻസൺ കാഴ്ച വെച്ചത്.

ഈ വർഷവും ഹെർമൻ, ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായെങ്കിലും മോശം പ്രകടങ്ങളെത്തുടർന്ന് ഡേവിഡ് ജെയിംസിന് പരിശീലക സ്ഥാനം നഷ്ടമായതോടെ ഹെർമ്മനും, ബ്ലാസ്റ്റേഴ്സുമായുള്ള‌കരാർ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു‌. ജെയിംസിന്റെ താല്പര്യപ്രകാരം ബ്ലാസ്റ്റേഴ്സിലെത്തിയ ഗോൾകീപ്പിംഗ്, ഫിറ്റ്നസ് പരിശീലകരും ഇതോടൊപ്പം തന്നെ ടീമുമായുള്ള കരാർ അവസാനിപ്പിക്കുക യായിരുന്നു.