SHARE

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി ടീമിനെ പൊളിച്ച് പണിയുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നേരത്തെ പരിശീലകനായിരുന്ന ഡാനിയൽ വെട്ടോറിയെ മാറ്റി ഗാരി കിർസ്റ്റണെ തങ്ങളുടെ മുഖ്യ പരിശീലകനായി അവർ നിയമിച്ചിരുന്നു. ഇപ്പോളിതാ കിർസ്റ്റണ് പുറകേ മുൻ ഇന്ത്യൻ സൂപ്പർ താരം ആശിഷ് നെഹ്റയേയും അവർ തങ്ങളുടെ പരിശീലക സംഘത്തിൽ എത്തിച്ചിരിക്കുന്നു‌. ടീമിന്റെ പ്രധാന ബോളിംഗ് പരിശീലകനായിരിക്കും നെഹ്റ എന്നാണ് സൂചന.

കഴിഞ്ഞ വർഷം നവംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച നെഹ്റ കഴിഞ്ഞ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ മെന്ററായി സേവനം അനുഷ്ഠിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 10 വിക്കറ്റ് വേട്ടക്കാരിൽ ഒരാളായ നെഹ്റയ്ക്ക് ടൂർണമെന്റിലുള്ള പരിചയം ബാംഗ്ലൂർ ടീമിനും വരും സീസണിൽ മുതൽക്കൂട്ടാകും.

ഐപിഎല്ലിൽ ഇതേ വരെ കിരീടം നേടാൻ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ ഇത്തവണ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കിർസ്റ്റണേയും, പിന്നാലെ ആശിഷ് നെഹ്റയേയും പരിശീലക സംഘത്തിലെത്തിച്ച അവർ അടുത്ത ദിവസങ്ങളിൽ ടീമിന്റെ മറ്റ് കോച്ചിംഗ് സ്റ്റാഫുകളുടെ നിയമനവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.