SHARE

കഴിഞ്ഞ കുറച്ച് നാളുകളായി പുറംവേദന അലട്ടുന്ന ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയ്ക്ക് ഈ വർഷം നവംബറിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ട്. ചികിത്സയ്ക്കായി താരം അടുത്ത് തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നേരത്തെ ഏഷ്യാകപ്പിന് മുൻപ് ഹാർദിക്കിനെ ചികിത്സിച്ച ഡോക്ടർ തന്നെയാണ് ഇത്തവണയും താരത്തെ ചികിത്സിക്കുക.

അതേ സമയം‌ ഹാർദിക്കിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഇത് വരെ കൃത്യമായ വിവരം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് പരിക്കിൽ നിന്ന് മോചിതനായി എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകും എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പരിക്കിനെത്തുടർന്ന് നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന പരമ്പര നഷ്ടമായ ഹാർദിക്കിന് ഇതിന്‌പുറമേ ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റും നഷ്ടമായി.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാനതാരങ്ങളിൽ ഒരാളായ ഹാർദിക്കിനേറ്റ പരിക്ക് ടീമിന് മൊത്തത്തിൽ തിരിച്ചടി നൽകുന്നതാണ്. പരിക്കിന്റെ പിടിയിൽ നിന്ന് താരം എത്രയും വേഗം തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ ആരാധകർ.