SHARE

ന്യൂസിലന്‍ഡിലെ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഭയന്നു വിറച്ചു നില്ക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ബംഗ്ലാദേശില്‍ പലപ്പോഴായി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടാണെന്ന് ബംഗ്ലാ താരങ്ങള്‍ പറയുന്നു. ജീവന്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം കൊണ്ടാണെന്നാണ് ഓപ്പണര്‍ തമീം ഇക്ബാല്‍ പറയുന്നത്.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിന്നും ടീമംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് തമീം ട്വിറ്ററില്‍ കുറിച്ചത്. പരമ്പരയിലെ അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോഴാണ് പള്ളിയില്‍ ആക്രമണം ഉണ്ടായത്. ഇതോടെ അവസാന ടെസ്റ്റ് ഉപേക്ഷിച്ചു.

ടീമംഗങ്ങള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയൊളിച്ചെന്നാണ് മുഷ്ഫിക്കര്‍ റഹീം പറഞ്ഞത്. ടീം അംഗങ്ങള്‍ വെടിവെയ്പ്പില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അതേസമയം താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ മാനസിക സമ്മര്‍ദം അകറ്റാന്‍ പ്രത്യേക കൗണ്‍സിലിംഗ് നല്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.