SHARE

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ വൃദ്ധിമാൻ സാഹയും, ഋഷഭ് പന്തുമാണെന്ന് മുൻ ഇന്ത്യൻ നായകനും, ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി‌. കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ഗാംഗുലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പന്തിനേയും, സാഹയേയും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാട്ടിയ ഗാംഗുലി ഋഷഭ് പന്തിന്റെ മോശം ഫോമിനെക്കുറിച്ചും സംസാരിച്ചു. പന്ത് ശക്തമായി ഫോമിലേക്ക് തിരിച്ചു വരുമെന്നും, അദ്ദേഹത്തിന്റെ ബാറ്റ് പഴയത് പോലെ താളം കണ്ടെത്തുമെന്നും പറയുന്ന ഗാംഗുലി, പന്ത് ചെറുപ്പക്കാരനായ കളിക്കാരനാണെന്നും നമ്മൾ അദ്ദേഹത്തിന് വഴികാട്ടിയാവേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു‌.

ഓസ്ട്രേലിയക്കെതിരെയുള്ള പരിമിത ഓവർ മത്സര പരമ്പരകളിൽ ഇന്ത്യൻ ടീമിലില്ലാത്ത പന്ത് പക്ഷേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുണ്ട്‌‌. എന്നാൽ വൃദ്ധിമാൻ സാഹയാണ് ഈ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. സാഹയുള്ളപ്പോൾ പന്തിന് ടെസ്റ്റ് ടീമിൽ അവസരമുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരാൾക്ക് മാത്രമേ കളിക്കാൻ കഴിയൂ എന്നും അത് കൊണ്ടു തന്നെ ഇവരിൽ മികച്ച ഫോമിലുള്ള താരമായിരിക്കും കളിക്കുകയെന്നും ഗാംഗുലി മറുപടി നൽകി.