SHARE

കഴിഞ്ഞവര്‍ഷം മോശം ഫോമിലായിരുന്നു എംഎസ് ധോണി. എന്നാല്‍ പുതുവര്‍ഷം പിറന്നതോടെ ഉജ്വലഫോമില്‍ കളിക്കുന്ന ധോണിയെയാണ് കണ്ടത്. ഓസട്രേലിയയ്‌ക്കെതിരേ തുടര്‍ച്ചയായി നാലു അര്‍ധസെഞ്ചുറിയുമായി അരങ്ങുതകര്‍ത്ത ധോണിക്ക് പക്ഷേ നാഗ്പൂര്‍ സമ്മാനിച്ചത് നിരാശയാണ്. ഒന്‍പതു വര്‍ഷത്തിനുശേഷം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കായിരിക്കുകയാണ് മഹി.

ഇതിനുമുമ്പ് ധോണി ഗോള്‍ഡന്‍ ഡക്കായപ്പോഴും എതിരാളികള്‍ ഓസ്‌ട്രേലിയയായിരുന്നു. 2010ല്‍ വിശാഖപട്ടണത്തു വച്ചായിരുന്നു ഇത്. അതിനുശേഷം പലകുറി മോശം പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്താകുന്നത് ആദ്യം. കരിയറില്‍ ഇതുവരെ അഞ്ചു തവണ മാത്രമാണ് ധോണി ഗോള്‍ഡന്‍ ഡക്കായത്. ആദം സാംബയാണ് ധോണിയെ നാഗ്പൂരില്‍ മടക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് ധോണി-ജാദവ് കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ഇത്തവണ പതിവില്‍നിന്ന് വ്യത്യസ്തമായി ആറാം നമ്പറിലാണ് ധോണി ബാറ്റിംഗിനിറങ്ങിയത്. പൊസിഷന്‍ മാറിയത് ധോണിയുടെ സുവര്‍ണറണ്ണിനും തിരിച്ചടിയായി.