SHARE

ഇംഗ്ലണ്ട് ദേശീയ ടീമിനെയും ക്രിസ്റ്റൽ പാലസ്, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബ്ബുകളേയും കളി പഠിപ്പിച്ച ഇംഗ്ലീഷ് പരിശീലകൻ സാം അലാർഡിസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സൂചന. തന്റെ ഏജന്റ് വഴി ഇക്കാര്യം അലാർഡിസ്, എ ഐ എഫ് എഫിനെ അറിയിച്ചെങ്കിലും ഓൾ‌ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതേ വരെ ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. നേരത്തെ മുൻ മാഞ്ചസ്റ്റർ സിറ്റി‌ പരിശീലകനായിരുന്ന സ്വെൻ ഗൊരാൻ എറിക്സണും ഇന്ത്യൻ പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

1991 ൽ തന്റെ മുപ്പത്തിയേഴാം വയസിൽ പരിശീലക കരിയർ ആരംഭിച്ച അലാർഡിസ്, ബ്ലാക്ക്പൂൾ, ബോൾട്ടൻ വാണ്ടറേഴ്സ്, ന്യൂകാസിൽ യുണൈറ്റഡ്, സണ്ടർലാൻഡ്, ക്രിസ്റ്റൽ പാലസ്, എവർട്ടൺ ടീമുകൾക്ക് പുറമേ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനെയും കളി പഠിപ്പിച്ച പരിചയസമ്പത്തുണ്ട്.

അതേ സമയം സ്വെൻ ഗൊരാൻ എറിക്സണും, അലാർഡീസും ഇന്ത്യൻ പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഇവർ ടീമിന്റെ പരിശീലക സ്ഥാനത്തെത്താൻ സാധ്യത വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നത്. ഈ മാസം പകുതിയോടെയെ പരിശീലകന്റെ കാര്യത്തിൽ എ ഐഎഫ് എഫ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന. പ്രീമിയർ ലീഗിലെ സ്റ്റാർ പരിശീലകർക്ക് പുറമേ ഐ എസ് എല്ലിലേയും ഐലീഗിലേയുംചില പരിശീലകരും, ഇന്ത്യ‌ൻ കോച്ചാകാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ലഭിച്ച അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം മാത്രമേ എ ഐഎഫ് എഫ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോർട്ട്.