SHARE

ഐ എസ് എല്ലിൽ വീണ്ടുമൊരു സമനിലക്കളി കൂടി‌. ഇന്ന് നടന്ന മുംബൈ സിറ്റി എഫ് സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി പോരാട്ടമാണ് സമനിലയിൽ കലാശിച്ചത്‌. ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചാണ് നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ സമനില പിടിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു 4 ഗോളുകളും പിറന്നത്.

സംഭവബഹുലമായ ഒന്നാം പകുതിയുടെ ഒൻപതാം മിനുറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ട്രയാഡിസ് നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് സ്വന്തം മൈതാനത്ത് മുന്നിലെത്തി. ഇരുപത്തിമൂന്നാം മിനുറ്റിൽ ചെർമിതിയിലൂടെ മുംബൈ തിരിച്ചടിച്ചു. ഗോൾ പോസ്റ്റിന് 6 വാര അകലെ നിന്ന്‌ലഭിച്ച തുറന്ന അവസരമായിരുന്നു താരം ഗോളാക്കി മാറ്റിയത്. ഒൻപത് മിനുറ്റുകൾക്കുള്ളിൽ ചെർമിതി മുംബൈയെ ലീഡിലെത്തിച്ചു. തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ഈ ഗോൾ.

നാല്പത്തിരണ്ടാം മിനുറ്റിൽ ഇതിഹാസ താരം അസമോവ ഗ്യാൻ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് മത്സരം സമനിലയിലെത്തിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും 2-2 എന്ന സ്കോറിന് തുല്യത പാലിച്ചു. രണ്ടാംപകുതിയിലും ഇരു ടീമുകളും പല തവണ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ മാത്രം അകന്ന് നിന്നു. ഇതോടെ മത്സരം സമനിലയിൽ കലാശിച്ചു.