SHARE

രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റേങ്കിലും അത് ഭേദമായി മൂന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വീണ്ടും പരിക്ക്. ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് താരം ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയതുമില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് ബിസിസിഐ അറിയിച്ചു.

ഇതേ തുടര്‍ന്ന് ധവാന് പകരം കെ.എല്‍ രാഹുലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെയായിരുന്നു ധവാന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് ഇടുപ്പില്‍ കൊള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്ന് താരം ഫീല്‍ഡിംഗിനിറങ്ങിയിരുന്നില്ല.

ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചതും. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ധവാന്റെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാല്‍ പരിശോധനയില്‍ താരത്തിന്റെ പരിക്ക് സാരമുള്ളതായിരിക്കില്ല എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.