ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടർ സ്ഥാനത്തേക്ക് വിഖ്യാത താരം അജിത് അഗാർക്കർ തന്നെയെത്തുമെന്ന് സൂചന. പിടിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇക്കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ശേഷിക്കുന്നുള്ളു.
ഫെബ്രുവരിയിൽ ചേതൻ ശർമ രാജിവച്ചതുമുതൽ ചീഫ് സിലക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ റോളിലേക്ക് കുറച്ചുദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകസ്ഥാനം അഗാർക്കർ ഒഴിഞ്ഞത്. ഇതോടെ അഗാർക്കറിനെ സിലക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
സിലക്ടർ സ്ഥാനത്തേക്ക് ഇന്ന് ക്രിക്കറ്റ് അഡ്വൈസറി ബോർഡ് അഭിമുഖം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത ഏക വ്യക്തി അഗാർക്കറാണെന്ന് ഒരു ബിസിസിഐ ഒഫീഷ്യൽ പിടിഐയോട് പറഞ്ഞു. കുടുംബത്തോടൊപ്പം വിദേശത്തായതിനാൽ തന്നെ ഓൺലൈനായാണ് അഗാർക്കർ ഈ അഭിമുഖത്തിൽ പങ്കെടുത്തത്.
ഈ സാഹചര്യത്തിൽ അഗാർക്കറിന്റെ നിയമം ഇനി കേവലം ചടങ്ങുമാത്രമാണെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം അഗാർക്കർ ചുമതലയേറ്റതിന് ശേഷമെ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയുള്ളു.