SHARE

ബ്രസീലിയന്‍ മുന്നേറ്റതാരം നില്‍മര്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ നില്‍മറെ കേരളത്തിലേക്കുള്ള യാത്രാമധ്യേ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതായി ഫോട്ടോ സഹിതം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം തയ്യാറാകാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ലെന്നും അത് കൊണ്ട് തന്നെ നില്‍മര്‍ ബ്ലാസ്റ്റേഴ്‌സിലെത്തില്ലെന്നുമാണ് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ ഏജന്റിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. നേരത്തെ പരുക്കുമുലം പുറത്തായ ബെര്‍ബറ്റോവിനെയും കിസീറ്റോയെയും റിലീസ് ചെയ്ത് പുള്‍ഗയും നില്‍മറും ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇതില്‍ പുള്‍ഗ ടീമിലെത്തുകയും ചെയ്തു. കിസീറ്റോയെ റിലീസ് ചെയ്യാതെ റിസര്‍വ്വ് ടീമിലേക്ക് മാറ്റുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ചെയ്തത്. ബെര്‍ബറ്റോവ് ടീം വിടില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നില്‍മര്‍ ടീമിലെത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

പൂനെയ്‌ക്കെതിരായ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇക്കാര്യം മറന്നിരിക്കുമ്പോഴാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്തായാലും ആരാധകര്‍ ഇപ്പോഴത്തെ ടീമിന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തില്‍ സംതൃപ്തരാണ്.