SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് വിരാട് കോഹ്ലി. ഇത് വരെ ഐപിഎൽ കിരീടം നേടാനായില്ലെങ്കിലും ടൂർണമെന്റിൽ അവർ കാഴ്ച വെച്ച മികച്ച പ്രകടനങ്ങൾക്കെല്ലാം പിന്നിൽ കോഹ്ലിയുടെ പ‌ങ്ക് വളരെ വലുതാണ്. ഇത്തവണ ടീമിനെ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായെത്തുന്ന കോഹ്ലി, ഇപ്പോളിതാ‌ ബാംഗ്ലൂർ ജേഴ്സിയിൽ തന്റെ ഏറ്റവും മികച്ച മത്സരമേതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

2010 ൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരമാണ് റോയൽ ചലഞ്ചേഴ്സ് ടീമിൽ തന്റെ ഏറ്റവും മികച്ച മത്സരമെന്ന് കോഹ്ലി ചൂണ്ടിക്കാട്ടുന്നു. താൻ 49 റൺസെടുത്ത ആ മത്സരത്തിന്റെ അവസാന പന്തിൽ ബാംഗ്ലൂർ തോറ്റെങ്കിലും അന്ന് തനിക്ക് ലഭിച്ച പ്രശംസ വളരെ വലുതായിരുന്നെന്ന് കോഹ്ലി ഓർക്കുന്നു. ഇരുപത്തിയൊന്നുവയസുകാരനായിരുന്ന തനിക്ക് വലിയ ആത്മവിശ്വാസമാണ് മുംബൈക്കെതിരായ ആ ഇന്നിംഗ്സ് സമ്മാനിച്ചതെന്നും കോഹ്ലി വ്യക്തമാക്കി.

” 2010 ൽ ഡർബനിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ താൻ 49 റൺസ് നേടി. പക്ഷേ അവസാന പന്തിൽ ഞങ്ങൾ മത്സരം തോറ്റു. ബാംഗ്ലൂർ ജേഴ്സിയിൽ താൻ കളിച്ച ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു അത്. അന്ന് ടീമിലെല്ലാവരും പരാജയപ്പെട്ടപ്പോൾ താൻ മാത്രമാണ് പിടിച്ചുനിന്നത്. ഇത് എനിക്ക് കരിയറിൽ വലിയ ആത്മവിശ്വാസം നൽകി. മത്സരം കണ്ടവരെല്ലാം തന്നെ പ്രശംസിച്ചു. എനിക്ക് ഒരിക്കലും മറക്കാനാവില്ല ആ ഇ‌ന്നിംഗ്സ് “. കോഹ്ലി പറഞ്ഞുനിർത്തി‌.