SHARE

ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണ് പകരക്കാരനായി മറ്റൊരു ഓസീസ് ബോളറായ ആദം സാമ്പയെ ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്നലെ വൈകിട്ടാണ് സാമ്പയെ ടീമിലെത്തിച്ച കാര്യം ബാംഗ്ലൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തന്റെ ആദ്യ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്നതിനാലാണ് കെയി‌ൻ റിച്ചാർഡ്സൺ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. അതേ സമയം റിച്ചാർഡ്സണ് പകരം, സ്പിന്നറായ ആദം സാമ്പയെ ടീമിലെത്തിച്ചത് ബാംഗ്ലൂരിന്റെ മികച്ച നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ഐപിഎൽ നടക്കുന്ന യു എ ഇ യിൽ സ്പിൻ അനുകൂല‌ സാഹചര്യങ്ങളാണുള്ളത് എന്നത് തന്നെ ഇതിന് കാരണം.

അതേ സമയം ഐപിഎല്ലിൽ മുൻപ് പൂനെ സൂപ്പർ ജയന്റ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വലം കൈയ്യൻ ലെഗ് സ്പിന്നറായ ആദം സാമ്പ. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള സാമ്പ 2016 ൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 19 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇത് ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് സ്പെല്ലുകളിൽ മൂന്നാം സ്ഥാനത്തുണ്ട്.