SHARE

റഷ്യൻ ലോകകപ്പിലെ നൈജീരിയയുടെ സൂപ്പർ താരം അഹമ്മദ് മൂസ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറി. ഇം​ഗ്ലീഷ് ക്ബ് ലെസ്റ്റർ സിറ്റിയിൽ നിന്നാണ് മൂസ അറേബ്യൻ ടീമിനൊപ്പം ചേർന്നത്. ലോകകപ്പിൽ ഐസ്ലൻഡിനെതിരായ മത്സരത്തിലെ ഇരട്ട​ഗോൾ നേട്ടതോടെ, രണ്ട് ലോകകപ്പുകളിൽ​ ​ഗോൾ നേടുന്ന ആദ്യ നൈജീരിയൻ താരമായി മൂസ.

സൗദി ക്ലബ് ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 25 ദശലക്ഷത്തോളം യൂറോയാണ്, മൂസയെ സ്വന്തമാക്കാൻ ടീം മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. നൈജീരിയയിലും നെതർലൻഡിലും കളിച്ചുതുടങ്ങിയ മൂസയുടെ കരിയറിൽ വഴിത്തിരിവായത് റഷ്യൻ ക്ലബ് സി.എസ്.കെ.എ മോസ്കോയാണ്. 2012-ൽ മോസ്കോയിലെത്തിയ മൂസ നാല് വർഷം അവിടെ കളിച്ചു. 2016-ൽ ഇം​ഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റിയിലെത്തി. അന്ന് ലെസ്റ്ററിന്റ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് മൂസയെ ടീമിലെത്തിച്ചത്. എന്നാൽ ലെസ്റ്ററിൽ മികവ് തെളിയിക്കാനാകാതെ വന്നതോടെ ജനുവരിയൽ മോസ്കോയിലേക്ക് ലോണിൽ പോയി.

-Advertisement-

ലോൺ കാലാവധി കഴി‍ഞ്ഞ് ലെസ്റ്ററിനൊപ്പം ഓസ്ട്രിയയിൽ ക്യാമ്പിൽ ചേർന്ന മൂസ, അവിടെ നിന്നാണ് സൗദിയിലെത്തിയത്. ട്രാൻസ്ഫർ തുക ഒദ്യോ​ഗികമായി വെളിപ്പെടുത്തിയാൽ ഏറ്റവും വിലപിടിപ്പുള്ള നൈജീരിയൻ താരമെന്ന നേട്ടം മൂസ സ്വന്തമാക്കും. അതേസമയം മൂസയുടെ സൗദിയിലേക്കുള്ള കൂടുമാറ്റം ആരാധകരെ അമ്പരിപ്പിച്ചിട്ടുമുണ്ട്. 25 വയസ് മാത്രം പ്രായമുള്ള മൂസ, കരിയറിലെ നല്ല കാലത്ത് യൂറോപ്പിൽ തുടരാതെ ഏഷ്യയിലേക്ക് വന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്..