ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിലെ വിവാദ വാക്കൗട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ പണി വരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏഴ് കോടി രൂപ വരെ ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴ വിധിക്കാനാണ് സാധ്യത.
ബെംഗളുരുവിനെതിരായ മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ റെഫറിയുടെ തെറ്റായ തീരുമാനം കാരണാമെന്ന് ആരോപിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിക്കളം വിട്ടത്. ഈ സംഭവത്തിൽ കുറഞ്ഞത് ആറ് ലക്ഷം രൂപ പിഴയും പോയിന്റ് വെട്ടിച്ചുരുക്കലും ടൂർണമെന്റിൽ നിന്നുള്ള അയോഗ്യതയുമൊക്കെ ശിക്ഷയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പോയിന്റ് വെട്ടിക്കുറിയ്ക്കുകയോ ഐഎസ്എല്ലിൽ നിന്ന് വിലക്കുകയോ ചെയ്യില്ല എന്നാണ് സൂചന. അതേസമയം കളിക്കളം വിട്ടത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി അഞ്ച് മുതൽ ഏഴ് കോടി രൂപ വരെ പിഴ വിധിക്കാനാണ് നീക്കം.
അച്ചടക്കലംഘനത്തിന്റെ പേരിൽ ഫെഡറേഷൻ ഒരു ടീമിന് മേൽ വിധിക്കുന്ന ഏറ്റവും ഉയർന്ന് പിഴത്തുകയാണിതെന്നും റിപ്പോർട്ടിലുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ പ്രത്യേകമായി നടപടിയുണ്ടാകും. ഇവാനെ വിലക്കും എന്ന് സൂചനകളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് സൂചന.
ഫെഡറേഷന്റെ നടപടികൾക്കെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ നൽകാൻ അവസരമുണ്ട്. അതേസമയം ഫെഡറേഷന്റെ അച്ചടക്കസമിതിയുടെ നടപടിക്ക് പുറമെ ബ്ലാസ്റ്റേഴ്സിനെതിരെ ഐഎസ്എല്ലിന്റെ നടപടിയുമുണ്ടായേക്കും. വിവാദസംഭവം നടന്ന ഇത്രയും നാൾ ആയിട്ടും ഐഎസ്എല്ലിന്റെ ഭാഗത്ത് നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നുമുണ്ടായിട്ടില്ല.