SHARE

കോവിഡിനെത്തുർന്ന് കഴിഞ്ഞ വർഷം നടക്കാതിരുന്ന സൂപ്പർ കപ്പ് ഇക്കുറി അരങ്ങേറിയേക്കുമന്ന് സൂചന. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ.എസ്.എൽ നടത്തിപ്പുകാരായ എഫ്.എസ്.ഡി.എല്ലും ഇക്കാര്യം ആലോചിക്കുന്നുണ്ടെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്.

2018,19 വർഷങ്ങളിൽ സൂപ്പർ കപ്പ് നടന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കോവിഡിനെത്തുടർന്ന് ഇത് വേണ്ടന്നുവച്ചു. എന്നാൽ പിന്നീട് ഐ.എസ്.എൽ ഏഴാം സീസൺ വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് സൂപ്പർ കപ്പ് തിരികെ കൊണ്ടുവരാനുള്ള ആലോചന എന്നാണ് റിപ്പോർട്ടുകൾ.

ഖേൽനൗവിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഓ​ഗസ്റ്റിൽ നോക്കൗട്ട് ടൂർണമെന്റായ സൂപ്പർ കപ്പ് നടക്കും. അതിനുപിന്നാലെ സെപ്റ്റംബർ മാസത്തോടെ ഐ.എസ്.എൽ എട്ടാം സീസണും തുടങ്ങും. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരാനിരിക്കുന്നതേയുള്ളു.

കഴിഞ്ഞ രണ്ട് സൂപ്പർ കപ്പുകളും ഒഡിഷയിലെ കലിം​ഗ സ്റ്റേഡിയത്തിൽ മാത്രമായാണ് നടത്തിയത്. ആദ്യ വർഷം ബെം​ഗളുരു എഫ്.സിയായിരുന്നു ജേതാക്കൾ. 2019-ൽ എഫ്.സി ​ഗോവയായിരുന്നു കിരീടം ചൂടിയത്.