SHARE

നാല് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മികച്ച റഫറിക്കുള്ള പുരസ്കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരുന്നു കോട്ടയം സ്വദേശി സന്തോഷ് കുമാർ. ഐ-ലീ​ഗ്, ഐ.എസ്. എൽ മത്സരങ്ങൾക്കിടെ ടി.വിയിൽ നിരന്തരം കാണുന്ന സന്തോഷ് കുമാറിന്റെ ജീവിതം സീസൺ കഴിയുന്നതോടെ മാറും. പിന്നെ കോട്ടയത്ത് ഓട്ടോ ഓടിച്ചാണ് ജീവിതം തള്ളിനീക്കുന്നത്

മത്സരം തെറ്റില്ലാതെ നിയന്ത്രിക്കുക എന്ന ബുദ്ധിമുട്ടേറിയ ചുമതല വഹിക്കുന്ന റഫറിമാരുടെ കളക്കളത്തിന് പുറമെയുള്ള അവസ്ഥ വളരെ ദയനീയമാണ്. ഫുട്ബോളിനോടുള്ള ഇഷ്ടം കൊണ്ടാണ് റഫറിയായി മാറിയത്, എന്നാൽ സാമ്പത്തികമായി ഇത് യാതൊരു സുരക്ഷയും നൽകുന്നില്ല, കുടുംബത്തിന്റെ കാര്യം നോക്കാൻ ഇപ്പോഴും ഓട്ടോ ഓടിക്കുകയേ രക്ഷയുള്ളു, സന്തോഷ് കുമാർ പറയുന്നു. റഫറിമാർക്ക് ലഭിച്ചിരുന്ന മാസശമ്പളം എ.ഐ.എഫ്.എഫ്. ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്, ഇതാണ് കടുത്ത സാമ്പത്തിക പ്രതസന്ധിയിലേക്ക് റഫറിമാരെ തള്ളിവിടുന്നത്

ഐ-ലീ​ഗ്, ഐ.എസ്.എൽ സീസണിൽ ആകെ 20 മത്സരങ്ങൾ മാത്രമെ റഫറിയിങ് ജോലി ഉണ്ടാകു. ഐ-ലീ​ഗിൽ ഒരു മത്സരത്തിൽ റഫറിയായാൽ താമസത്തിനും ഭക്ഷണത്തിനും പുറമെ, 4000 രൂപയാണ് അലവൻസ് ലഭിക്കുന്നത്. ഐ.എസ്.എല്ലിൽ ഇത് ഒരു മത്സരത്തിന് 10,500 രൂപ കിട്ടും. നേരത്തെ ഈ മത്സരത്തിലെ അലവൻസിന് പുറമെ മാസശമ്പളമായി ഒരു തുക ലഭിക്കുമായിരുന്നു, ഇപ്പോൾ അത് നിർത്തലാക്കി, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

എലൈറ്റ് പാനലിലുള്ള റഫറിമാർക്ക് മാസം മത്സര അലവൻസിന് പുറമെ 30,000 രൂപ വരെ ലഭിച്ചിരുന്നു. മറ്റ് റഫറിമാർക്ക് ഇതിലും വളരെ കുറവായിരുന്നെങ്കിലും ലഭിച്ചുകൊണ്ടിരുന്ന വേതനമാണ് റദ്ദാക്കിയത്. അതേസമയം മാസശമ്പളം റദ്ദാക്കിയത് ചിലവ് ചുരുക്കലിന്റെ ഭാ​ഗമാണെന്ന്, ഇത് പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും ഫെഡറേഷൻ ഉന്നതൻ അറിയിച്ചതായും അവർ റിപ്പോർട്ട് ചെയ്തു.