ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15-നുള്ളിൽ നടത്തണമെന്ന് ഫിഫ പ്രതിനിധിസംഘം ആവശ്യപ്പെട്ടതായി സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫിഫ-ഏഎഫ്സി സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇന്നലെ ഇവരുടെ സന്ദർശനം പൂർത്തിയായി. ഈ സന്ദർശനത്തിനിടെ ഭരണസമിതിയുമായി നടത്തിയ ചർച്ചയിലാണ്, ഫെഡറേഷന്റെ പുതിയ ഭരണഘടന ജൂലൈ 31-നകം സുപ്രീം കോടതി അംഗീകരിക്കുകയും സെപ്റ്റംബർ 15-നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടത്. ഈ സമയക്രമം പാലിച്ചില്ലെങ്കിൽ ഇന്ത്യക്ക് മേൽ വിലക്കേർപ്പെടുത്താൻ സാധ്യതയേറെയാണെന്നാണ് സൂചന.
സുപ്രീം കോടതി വിധിയെത്തുടർന്ന് പ്രഫുൽ പട്ടേൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായതോടെയാണ് ഫെഡറേഷൻിൽ പ്രതിസന്ധി നേരിട്ടത്. ഇതോടെ ഫെഡറേഷന്റെ നടത്തിപ്പിനായി മൂന്നംഗ ഭരണസമിതിയേയും സുപ്രീം കോടതി നിയമിച്ചു. ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ പുറമെ നിന്നുള്ള ഇടപെടലുണ്ടായ സാഹചര്യത്തിലാണ് ഫിഫ സംഘം ഇന്ത്യയിലേത്തിയത്.