SHARE
സുഭ ഘോഷ്(വലത്തേയറ്റം49)

സ്വാപ് ഡീലിന്റെ ഭാ​ഗമായി കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ യുവസ്ട്രൈക്കർ സുഭ ഘോഷിന് കളിക്കാനാകുമോയെന്ന കാര്യത്തിൽ തീരുമാനം വൈകും. ‌ട്രാൻസ്ഫറിനെക്കുറിച്ച് എ.ടി.കെ മോഹൻ ബ​ഗാൻ നൽകിയ പരാതിയിൽ ബ്ലാസ്റ്റേഴ്സിന്റെ വിശദീകരണം കേട്ടശേഷമെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുവതാരം നോങ്ഡമ്പ നവോറെമിന് എ.ടി.കെയ്ക്ക് നൽകിയാണ് ബ്ലാസ്റ്റേഴ്സ് പകരം സുഭയെ സ്വന്തമാക്കിയത്. എന്നാൽ ട്രാൻസ്ഫറിന് പിന്നാലെ നവോറെമിന് പരകുക്കേറ്റെന്ന് കണ്ടെത്തിയതോടെ എ.‌ടി.കെ ഏകപക്ഷീയമായി ട്രാൻസ്ഫർ റദ്ദാക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലിക്കുന്നുണ്ടെങ്കിലും സുഭയ്ക്ക് കളിക്കാനാകില്ല. ഇത് ഇപ്പോൾ തർക്കവിഷയമായിരിക്കുകയാണ്. ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ(ഏ.ഐ.എഫ്.എഫ്) പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഒരു ഫെഡറേഷൻ ഉന്നതൻ അറിയിച്ചതെന്നാണ് റിപ്പോർട്ട്.

എ.ടി.കെ ഇക്കാര്യത്തിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിൽ ബ്ലാസ്റ്റേഴ്സിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മറുപടി ലഭിച്ചാൽ ഉടൻ തന്നെ കമ്മിറ്റിക്ക് കൈമാറും, ഫെഡറേഷൻ ഉന്നതൻ പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബ്ലാസ്റ്റേഴ്സിന് ഇനിയും സമയമുണ്ടെന്നും കമ്മിറ്റിക്ക് മുന്നിൽ കേസ് അവതരപ്പിക്കാൻ ഇരുക്ലബുകൾക്കും അവസരമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.