SHARE

ഇന്ത്യയിലെ‌ പ്രധാന ലീഗായി ഐ എസ് എൽ മാറുമെന്ന് സൂചന. ഇക്കാര്യത്തിൽ എ ഐ എഫ് എഫ് തീരുമാനമെടുത്ത് കഴിഞ്ഞെന്നും, ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. നിലവിൽ ഐ ലീഗാണ് ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗ്. ഐ എസ് എൽ ഈ‌സ്ഥാനത്തേക്ക് എത്തുന്നതോടെ ഐലീഗ്, രാജ്യത്തെ രണ്ടാം‌ ലീഗായി മാറും.

ഇന്ത്യൻ സൂപ്പർ ലീഗിനെ ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗാക്കി മാറ്റുന്നതോടെ ഐലീഗിന്റെ പ്രധാന്യം ഇടിയും. ഇത് വരെ നോക്കൗട്ട് ടൂർണമെന്റായി കണക്കാക്കിയിരുന്ന ഐ എസ് എൽ ഇന്ത്യയിലെ പ്രധാന ലീഗായി മാറുന്നതോടെ എ എഫ് സി ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്ലേ ഓഫ് യോഗ്യത ലഭിക്കുന്നത് ഐ എസ് എല്ലിലെ ചാമ്പ്യന്മാർക്കാകും. ഐലീഗിനും, ഐലീഗ് ടീമുകൾക്കും കനത്ത തിരിച്ചടി നൽകുന്ന നീക്കമാണിത്.

ഇന്ത്യയിലെ പ്രധാന ലീഗാക്കി പ്രഖ്യാപിച്ചാലും ഐ എസ് എല്ലിൽ പ്രൊമോഷനോ, റെലഗേഷനോ ഉണ്ടാകില്ല. ഇതും വലിയ വിവാദങ്ങൾക്ക് വഴി വെക്കും. പ്രൊമോഷനോ റെലഗേഷനോ ഇല്ലാത്ത ഐ എസ് എല്ലിൽ വൻ തുക ഫ്രാഞ്ചൈസി ഫീസ് നൽകിയാലേ ടീമുകൾക്ക് പങ്കെടുക്കാനും സാധിക്കൂ.

ഐ എസ് എൽ പ്രധാന ലീഗാകുന്നതോടെ ഐലീഗിന്റെ പേരുമാറ്റി ലീഗ് വൺ എന്നാക്കും. എ ഐ എഫ് എഫിന്റെ ഈ വിപ്ലവ തീരുമാനം ഐലീഗ് ടീമുകൾക്ക് യാതൊരു രീതിയിലും ദഹിക്കുന്നതല്ല. അത് കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങൊരുങ്ങുന്നത്.