SHARE

പ്രഥമ സൂപ്പർ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഐ എസ് എൽ വമ്പന്മാരായ ബെംഗളൂരു എഫ് സി യും, ഐ ലീഗ് കരുത്തരായ ഈസ്റ്റ് ബെംഗാളും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് നാലിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഈസ്റ്റ് ബെംഗാൾ ഫൈനലിലെത്തിയപ്പോൾ, ആവേശകരമായ സെമിയിൽ മോഹൻ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശം.

ഉദാന്ത സിംഗ് – സുനിൽ ഛേത്രി – മിക്കു എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് ബെംഗളൂരുവിന്റെ കിരീട പ്രതീക്ഷകൾ. ഗോളടിച്ച് മുന്നേറുന്ന ഛേത്രിയേയും, മിക്കുവിനേയും എങ്ങനെ നേരിടാൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും കലാശപ്പോരാട്ടത്തിൽ ഈസ്റ്റ് ബെംഗാളിന്റെ സാധ്യത. ഛേത്രി ക്വാർട്ടർ ഫൈനലിലും മിക്കു സെമി ഫൈനലിലും ഹാട്രിക്ക് നേടിയാണ് ഫൈനൽ മത്സരത്തിനെത്തുന്നത്. നേരത്തെ ഈസ്റ്റ് ബെംഗാളിൽ കളിച്ച പരിചയമുള്ള ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും ബെംഗളൂരുവിന്റെ കരുത്താണ്. സെമി ഫൈനലിൽ 10 പേരായി ചുരുങ്ങേണ്ടി വന്നിട്ടും മികച്ച വിജയം നേടാൻ കഴിഞ്ഞത് ബെംഗളൂരുവിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നു.

-Advertisement-

അതേ സമയം ഡുഡു – കാറ്റ്സൂമി യൂസ – അൽ അംന ത്രയമാണ് ഈസ്റ്റ് ബെംഗാളിന്റെ കരുത്ത്. സെമി ഫൈനലിൽ ഡുഡു നേടിയ ഏക ഗോളിലാണ് കരുത്തരായ എഫ് സി ഗോവയെ മറികടന്ന് ഈസ്റ്റ് ബെംഗാൾ ഫൈനലിലെത്തിയത്. ഗോവയ്ക്കെതിരെ പരിക്കേറ്റെങ്കിലും ഫൈനൽ മത്സരത്തിൽ ഡുഡു കളിക്കുമെന്ന് ഈസ്റ്റ് ബെംഗാൾ പരിശീലകൻ ഖലീദ് ജമീൽ ആരാധകർക്ക് ഉറപ്പ് നൽകുന്നു.