SHARE

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ക്രൊയേഷ്യക്കാർ ഇ​ഗോർ സ്റ്റിമാച്ചിനെ എ.ഐ.എഫ്.എഫ് നിയമിച്ചു. കഴിഞ്ഞയാഴ്ച ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിന്റെ പേര് നിർദേശിച്ചെങ്കിലും ഇന്നാണ് ഫെഡറേഷൻ അം​ഗീകാരം നൽകിയത്.

ആരാധകർ ഏറെ പ്രതീക്ഷവച്ചിരുന്ന ആൽബർട്ട് റോക്കെയെ മറികടന്നാണ് സ്റ്റിമാച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പിൻ​ഗാമിയാകുന്നത്. ബെം​ഗളുരു എഫ്.എസിയെ ഇന്ത്യയിലെ മികച്ച ക്ലബാക്കി മാറ്റിയതിൽ നിർണായക പങ്കുള്ള റോക്കയെ ഒഴിവാക്കി എന്തിന് സ്റ്റിമാച്ചിനെ തിരഞ്ഞെടുത്തു എന്ന് പലരും സംശയിച്ചു. എന്നാൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് നടത്തിയ ആഴത്തിലുള്ള പഠനമാണ് സ്റ്റിമാച്ചിനെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ

ടെക്നിക്കൽ സമിതിക്ക് മുന്നിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് സ്റ്റിമാച്ച് നടത്തിയ അവതരണം സമിതിയം​ഗങ്ങൾക്ക് ഇഷ്ടപ്പെട്ടു. ഒപ്പം ഇന്ത്യയിലെ നിലവിലുള്ള ഫുട്ബോളിനെക്കുറിച്ച് സ്റ്റിമാച്ചിനുള്ള അറിവും സമിതി അം​ഗീകരിച്ചു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഏഷ്യാ കപ്പ് യോ​ഗ്യതാ മത്സരങ്ങളും ഏഷ്യാ കപ്പിലെ മത്സരങ്ങളും ഞാൻ ടി.വിയിൽ കണ്ടിട്ടുണ്ട്. പിന്നീട് പരിശീലകസ്ഥാനത്തേക്ക് പരി​ഗണിച്ച ശേഷം ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ഐ.എസ്.എലും ഐ-ലീ​ഗും എന്റെ പഠനത്തിന് വിഷയങ്ങളായി,സ്റ്റിമാച്ച് പറഞ്ഞു