വിഖ്യാതമായ ഫെഡറേഷൻ കപ്പ് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. 2017 വരെ ഇന്ത്യയിലെ പ്രധാന നൗക്കൗട്ട് ടൂർണമെന്റ് ഫെഡറേഷൻ കപ്പായിരുന്നു. എന്നാൽ പിന്നീട് ഫെഡറേഷൻ കപ്പ് നിർത്തലാക്കി പകരം സൂപ്പർ കപ്പ് കൊണ്ടുവന്നു. കഴിഞ്ഞ തവണത്തെ സൂപ്പർ കപ്പോടെ ജേതാക്കൾക്ക് ഏഎഫ്എസി കപ്പ് ഗ്രൂപ്പിലേക്ക് സ്ഥാനവും ഉറപ്പാക്കി. എന്നാലിപ്പോൾ സൂപ്പർ കപ്പ് നിർത്താലാക്കാനാണ് പുതിയ നീക്കങ്ങൾ.
കഴിഞ്ഞ തവണ കേരളത്തിലായിരുന്നു സൂപ്പർ കപ്പ് നടന്നത്. ഒഡിഷ എഫ്സി ജേതാക്കളുമായി. എന്നാൽ ടൂർണമെന്റിന്റെ നടത്തിപ്പ് വലിയ വിമർശനങ്ങൾക്ക് വഴിയും വച്ചു. മാത്രവുമല്ല ഐഎസ്എൽ സീസൺ കഴിഞ്ഞതിനാൽ ടീമുകൾ സൂപ്പർ കപ്പിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്ന ആരോപണവും ഉയർന്നു. ഈ സാഹചര്യത്തിൽ സൂപ്പർ കപ്പ് മികച്ചതാക്കാനുള്ള വഴി തേടവയൊണ് ഫെഡറേഷൻ കപ്പ് തിരികെ കൊണ്ടുവരാനുള്ള നിർദേശമുയർന്നത്. ഇക്കാര്യം ഏഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
അതേസമയം ഫെഡറേഷൻ കപ്പ് തിരികെവരുമ്പോൾ സൂപ്പർ കപ്പ് നിർത്തലാക്കേണ്ടിവരും. ഇക്കാര്യത്തിൽ മാർക്കറ്റിങ് പങ്കാളികളായ എഫ്എസ്‍ഡിഎല്ലുമായി ഏഐഎഫ്എഫ് ചർച്ചകൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. ഫെഡറേഷൻ കപ്പ് വരുമ്പോൾ പിന്നെ സൂപ്പർ കപ്പിന്റെ ആവശ്യമില്ലെന്നും മാത്രവുമല്ല കഴിഞ്ഞ തവണത്തേത് പോലെ ഐഎസ്എൽ സീസൺ അവസാനിക്കുന്നതുവരെ ഈ ടൂർണെമെന്റ് നടത്താൻ കാത്തിരിക്കില്ല എന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.