SHARE

ഐ എസ് എല്ലിലേയും, ഐലീഗിലേയും ടീമുകളെ സംഘടിപ്പിച്ച് കൊണ്ട് എ ഐ എഫ് എഫ് സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കഴിഞ്ഞ രണ്ട് തവണയും സീസണുകളുടെ അവസാനമാണ് നടന്നിരുന്നത്. ഐലീഗ്, ഐ എസ് എൽ സീസണുകൾ അവസാനിച്ചതിന് ശേഷം നടന്നിരുന്നത് കൊണ്ട് തന്നെ പ്രതീക്ഷിച്ച താരത്തിളക്കമോ, ആവേശമോ സൂപ്പർ കപ്പിനുണ്ടായിരുന്നില്ല. എന്നാൽ ഇതിൽ മാറ്റം വരുത്തുകയെന്ന‌ ലക്ഷ്യത്തോടെ ഈ സീസണിൽ ഐ എസ് എല്ലും, ഐ ലീഗും ആരംഭിക്കുന്നതിന് മുന്നേ സൂപ്പർ കപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ എ ഐ എഫ് എഫ് പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം ഇക്കാര്യത്തിൽ അവർ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നു.

ഇത്തവണ പ്രീസീസൺ ടൂർണമെന്റായി നടത്താനിരുന്ന‌ സൂപ്പർ കപ്പ് മുൻപ് നടത്തിയിരുന്നത് പോലെ സീസണിന് ശേഷം തന്നെ നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ച് കഴിഞ്ഞെന്നാണ് സൂചന. ഇക്കാര്യം അവർ ടീമുകളെ അനൗദ്യോഗികമായി അറിയിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നും വാർത്തകളുണ്ട്.

ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ നിർദ്ദേശ പ്രകാരമാണ് സൂപ്പർ കപ്പ് ഇത്തവണയും സീസണിന് ശേഷം നടത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചതിന് കാരണമെന്ന് കരുതുന്നു. ഐ എസ് എല്ലും, ഐലീഗും അവസാനിച്ച് കഴിഞ്ഞാൽ ഇന്ത്യൻ താരങ്ങൾക്ക് കളിക്കാൻ മറ്റ് വേദികളില്ല. ഈ ലീഗുകൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വരുന്നതിനാൽ ഇന്ത്യൻ താരങ്ങൾ മൈതാനവുമായുള്ള ബന്ധം നഷ്ടപ്പെടാതെ നിൽക്കേണ്ടതുണ്ടെന്നും അതിന് സൂപ്പർ കപ്പ്, ഐ എസ് എൽ, ഐ ലീഗ് സീസണുകൾക്ക് ശേഷം നടത്തുന്നതാണ് നല്ലതെന്നുമാണ് സ്റ്റിമാച്ചിന്റെ പക്ഷം. ഇതിന് വേണ്ടിത്തന്നെ സൂപ്പർ കപ്പിന്റെ സമയക്രമം എ ഐ എഫ് എഫ് മാറ്റുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.