സാഫ് കപ്പിലെ കിരിടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. തുടർച്ചയായി മൂന്ന് ടൂർണമെന്റുകൾ വിജയിച്ചതിന്റെ ആവേശത്തിലുള്ള ഇന്ത്യൻ ടീമിന് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പാണ്.
ഏഷ്യാ കപ്പിന് മുമ്പായി ഇന്ത്യ, കിങ്സ് കപ്പ്, മർദേക്ക കപ്പ്, ലോകകപ്പ് യോഗ്യതാപോരാട്ടങ്ങൾ എന്നിവ കളിക്കും. പക്ഷെ ഏഷ്യാ കപ്പിന് മുമ്പായി ഒരു മാസത്തെ ക്യാംപ് തയ്യാറെടുപ്പിന് വേണമെന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ആവശ്യപ്പെടുന്നത്. എന്നാൽ സ്റ്റിമാച്ചിന്റെ ഈ ആവശ്യത്തോടെ യോജിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് സാധിക്കില്ല. ക്ലബ് ഫുട്ബോൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിലാണ് ഇത്ര നാളത്തെ ക്യാംപ് എന്നത് അസാധ്യമാണെന്നാണ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
സൂചനകൾ പ്രകാരം അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ അവസാന വാരം തുടങ്ങും. ഏപ്രിൽ വരെ ലീഗ് നീളും. ഇതിനിടയിൽ ഏഷ്യാ കപ്പിന് വേണ്ടി ഒരു മാസം ലീഗ് നിർത്തിവയ്ക്കും. എന്നാൽ തയ്യാറെടുപ്പിന് വേണ്ടി ഒരു മാസത്തെ ക്യാംപ് വേണമെന്നത് ഇതിനിടയിൽ പ്രായോഗികമല്ല എന്നാണ് ഫെഡറേഷന്റെ നിലപാട്.
ഫിഫ നിയമങ്ങൾ പ്രകാരും നിശ്ചിത കാലാവധിയിൽ അധികം കളിക്കാരെ റിലീസ് ചെയ്യാൻ ക്ലബുകളോട് ആവശ്യപ്പെടാൻ സാധിക്കില്ല എന്നാണ് ഷാജി വ്യക്തമാക്കുന്നത്. ഐഎസ്എൽ നടക്കുന്നതിനാൽ തന്നെ കളിക്കാരുടെ ഫിറ്റനസ് ഒരു പ്രശ്നമാകില്ല എന്നും ഷാജി പറഞ്ഞു. ഈ സാഹചര്യത്തിൽ ഒരു മാസത്തെ ക്യാംപ് എന്ന ആവശ്യത്തിൽ നിന്ന് സ്റ്റിമാച്ച് പിന്നോട്ടുപോകുമോയെന്നത് കാത്തിരുന്ന് കാണണം.