SHARE

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ സമീപകാലത്തെ തിളക്കമേറിയ നേട്ടങ്ങളിൽ ആവേശഭരിതരാണ് ആരാധകർ. ട്രൈനേഷൻസ് കപ്പും, ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും വിജയിച്ച ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അടുത്തവർഷം ആദ്യം നടക്കുന്ന ഏഷ്യാ കപ്പാണ്.

ദേശീയ ടീമിന് പരമാവധി മത്സരങ്ങൾ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എന്നാൽ അതിനൊപ്പം തന്നെ ഇന്ത്യൻ ക്ലബുകൾക്കും വിദേശത്ത് മത്സരങ്ങൾ കളിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും ഫെഡറേഷൻ ശ്രമിക്കുന്നുണ്ട്. ഫെഡഷേൻ പ്രസിഡന്റ് കല്യാൺ ചൗബെ തന്നെയാണ് ഇത്തരമൊരു സൂചന ടൈംസ് ഓഫ് ഇന്ത്യയോട് പങ്കിട്ടത്.

ഇന്ത്യയിൽ നിന്നുള്ള ചില ക്ലബുകൾ, ലണ്ടനിലോ ദക്ഷിണാഫ്രിക്കയിലെ ന​ഗരങ്ങളിലോ ദുബായിലോ അബുദാബിയിലോ പോയി കളിക്കുന്ന സാഹചര്യമുണ്ടായിൽ ആരും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ചൗബെ പറഞ്ഞത്. മൂന്നോ നാലാ രാജ്യങ്ങളിലെ ഫുട്ബോൾ ഫെ‍ഡറേഷൻ അധികൃതരുമായി താൻ ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ക്ലബുകൾ പങ്കെടുക്കുന്ന പ്രദർശന ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമുകളെ പങ്കെടുപ്പിക്കാനാണ് നീക്കം. ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഒരാഴ്ച മുതൽ പത്ത് ദിവസം വരെ നീളുന്ന ടൂർണമെന്റുകൾ നടത്തുമ്പോൾ കാഴ്ചക്കാരമുണ്ടാകുമെന്നാണ് ചൗബെയുടെ വിശ്വാസം.