SHARE

ക്രിക്കറ്റ് മത്സരങ്ങളില്‍ ഒരോ ബോളിന്റേയും ആവേശം ഒട്ടും കുറയാതെ കാതുകളിലെത്തിച്ച ഒരു കാലമുണ്ടായിരുന്നു ആകാശവാണിക്ക്. ഗാലറിയിലിരുന്ന കളികാണുന്ന അനുഭവം കേള്‍വിക്കാര്‍ക്കുണ്ടാക്കുന്ന ആവേശകരമായ കമന്ററികളുടെ കാലം. ഇതാ വീണ്ടും ആ കാലം തിരിച്ചെത്തുന്നു.

ഓള്‍ ഇന്ത്യ റേഡിയോയും ബിസിസിഐയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ഇന്ത്യന്‍ ദേശിയ ടീമിന്റെ എല്ലാ ഹോം മാച്ചുകളും ആകാശവാണിക്കിനി തത്സമയം സംപ്രേക്ഷണം ചെയ്യാം. രണ്ടു വര്‍ഷത്തേയ്ക്കാണ് കരാര്‍. കരാര്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. 2021 ഓഗസ്റ്റ് 31 നു കരാര്‍ അവസാനിക്കും.

സെപ്റ്റംബര്‍ 15 ന് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ട്വന്റി – ട്വന്റി മത്സരം മുതല്‍ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് സംപ്രേക്ഷണം ആരംഭിക്കാം. വനിതാ പുരുഷ ടീമുകളുടെ പ്രാദേശിക മാച്ചുകളും ഇനി മുതല്‍ റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യാം.

രഞ്ജി ട്രോഫി, ഇറാനി കപ്പ്, ഡിയോഡാര്‍ ട്രോഫി, സെയ്ദ് മുസ്താക് അലി ട്രോഫി, വുമണ്‍സ് ചലഞ്ചര്‍ സീരിസ് എന്നിവയും ഈ കരാറിന്റെ ഭാഗമായി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യാം.