SHARE

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐസ്വാള്‍ എഫ് സിക്ക് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാലിദ്വീപില്‍ നിന്നുള്ള ന്യൂ റേഡിയന്‍ഡാണ് ഐസ്വാളിനെ തകർത്തത്. അലി അഷ്ഫാഖ് റേഡിയന്‍ഡിനായി ഹാട്രിക്ക് നേടി. ഇന്ന് രാത്രി ബെംഗളുരു എഫ് സി ധാക്ക അബാഹാനിയെ സ്വന്തം നാട്ടിൽ വെച്ച് നേരിടുന്നുണ്ട്.

മാലിദ്വീപിലെ റാംസി നാഷണല്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ ഐസ്വാള്‍ ആദ്യ ഫ്രീകിക്ക് നേടിയെടുത്തു. ആദ്യ പത്തുമിനുട്ടുകള്‍ ഫൗളുകളുടേതായിരുന്നു. ആറു ഫൗളുകളാണ് ഇരുടീമുകളും ചേര്‍ന്ന് പത്ത് മിനുട്ടിനുള്ളില്‍ വഴങ്ങിയത്. 9ാം മിനുട്ടില്‍ ന്യൂ റേഡിയന്‍ഡിന്റെ ഗോള്‍ ശ്രമം. റേഡിയന്‍ഡ് താരം മുഹമ്മദ് ഉമൈര്‍ ബോക്‌സിന് പുറത്ത് നിന്നടിച്ച ഷോട്ട് ഐസ്വാള്‍ ഫലപ്രദമായി പ്രതിരോധിച്ചു. 33ാം മിനുട്ടില്‍ തുടര്‍ച്ചയായി ഐസ്വാള്‍ മുന്നേറ്റം.

ഒടുവില്‍ ഐസ്വാളിന് വേണ്ടി ലാല്‍റാം ഗോള്‍ നേടുകയും ചെയ്തു. ബോക്‌സിന് നടുവില്‍ നിന്ന് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ലാല്‍റാം പന്ത് അടിച്ച് കയറ്റുകയായിരുന്നു. എന്നാല്‍ 40ാം മിനുട്ടില്‍ മാലിദ്വീപ് ക്ലബിന്റെ മറുപടിയെത്തി. അലി അഷ്ഫാഖാണ് റേഡിയന്‍ഡിന് വേണ്ടി ഐസ്വാള്‍ ഗോള്‍വല കുലുക്കിയത്. ആദ്യപകുതി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയുടെ 54ാം മിനുട്ടില്‍ ഐസ്വാള്‍ മത്സരത്തിലെ ആദ്യമാറ്റം വരുത്തി. ലാല്‍ഖാവിന് പകരം ഡേവിഡ് ലാല്‍റിന്‍മുവാനയാണ് കളത്തിലിറങ്ങിയത്. ഇരു ടീമുകളും ലീഡിനായി മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നതോടെ കളി ആവേശത്തില്‍ തുടര്‍ന്നു.

തുടക്കം മുതല്‍ കയ്യിലുള്ള ബോള്‍ പൊസഷന്‍ ആനുകൂല്യം മാലിദ്വീപ് ടീം കാത്തു സൂക്ഷിക്കുകയും ചെയ്തു. 70 മിനുട്ട് പിന്നിടുമ്പോള്‍ 65 ശതമാനത്തിലധികം ബോള്‍ പൊസഷന്‍ ന്യൂ റേഡിയന്‍ഡിനായിരുന്നു. 74ാം മിനുട്ടില്‍ ഗോള്‍ സ്‌കോറര്‍ ലാല്‍റാം ചുവപ്പു കാര്‍ഡ് കണ്ടത് ഐസ്വാളിന് കനത്ത തിരിച്ചടിയായി. 77ാം മിനുട്ടില്‍ ന്യൂ റേഡിയന്‍ഡ് മത്സരത്തില്‍ മുന്നിലെത്തി. അലി അഷ്ഫാഖ് തന്നെയാണ് ഗോള്‍ നേടിയത്. ഹിസാം സലീം നല്‍കിയ ക്രോസ്സില്‍ നിന്ന് ഹെഡറിലൂടെ അഷ്ഫാഖ് രണ്ടാം ഗോള്‍ നേടിയത്. 85ാം മിനുട്ടിൽ അഷ്ഫാഖ് തൻ്റെ ഹാട്രിക്ക് ഗോളും നേടിയതോടെ ഐസ്വാൾ പരാജയം ഉറപ്പിച്ചു.