SHARE

നെതർലൻഡ്സ് ക്ലബ് അയാക്സിന്റെ മധ്യനിരതാരം ഡോണി വാൻ ഡെ ബീക്കിനെ ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡിന് ടീമിലെത്തിക്കാൻ സാധിച്ചേക്കില്ല. മധ്യനിരതാരമായ ഡോണി തന്നെയാണ് ഇങ്ങനെയൊരു സൂചന നൽകിയത്. കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധികളാണ് ഇതിന് കാരണമെന്നും ഡോണി സൂചിപ്പിക്കുന്നു.

2018-19 സീസണിലെ അയാക്സിന്റെ മിന്നും പ്രകടനത്തോടെ തന്നെ പല വൻ ക്ലബുകളും നോട്ടമിട്ട താരമാണ് ഡോണി. ഇതിൽ തന്നെ യുണൈറ്റഡിന്റേയും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റേയും താൽപര്യമാണ് നിലനിന്നിരുന്നത്. ഇക്കാര്യം ക്ലബ് ഡയറക്ടർ കൂടിയായ ഇതിഹാസതാരം എഡ്വിൻ വാൻ ഡർ സർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ലെന്നാണ് ഡോണി പറയുന്നത്.

ട്രാൻസ്ഫർ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല, ഞാൻ ഇപ്പോഴും അയാക്സ് താരമാണ്, അതിൽ അഭിമാനവുമുണ്ട്, ഒരുപക്ഷെ കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം, ഫോക്സ് സ്പോർട്സിനോട് ഡോണി പറഞ്ഞു.