SHARE

ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് ഡെൽഹി ഡെയർഡെവിൾസിന്റെ നായക സ്ഥാനം രാജിവെച്ച ഗൗതം ഗംഭീറിന് പിന്തുണയുമായി രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. ടീമിനായി അദ്ദേഹം എടുത്ത പരിശ്രമം വളരെ വലുതായിരുന്നെന്നും, ഡെൽഹിയുടെ മോശം പ്രകടനങ്ങൾക്ക് കാരണം ഗംഭീറല്ലെന്നുമാണ് രഹാനെ അഭിപ്രായപ്പെടുന്നത്.

ടീമിന്റെ തുടർ തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഗംഭീർ നായക സ്ഥാനം രാജിവെച്ചത് ഏറെ പ്രശംസ അർഹിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞ രഹാനെ, എന്നാൽ തോൽവിയുടെ ഉത്തരവാദി ഗംഭീറല്ലെന്ന് തറപ്പിച്ച് പറയുന്നു. ” ഒരാളുടെ കരിയറിൽ ഉയർച്ചകളും, താഴ്ച്ചകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഒരാൾക്ക് എല്ലായ്പ്പോളും ഒരേ ഫോമിൽ കളിക്കാനാവില്ല. ഇപ്പോൾ ഗംഭീറും അത് പോലൊരു മോശം സമയത്ത് കൂടി കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്”. രാജസ്ഥാൻ നായകൻ പറഞ്ഞുനിർത്തി.

അതേ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ കിരീട നേട്ടത്തിലേക്ക് നയിച്ച ഗംഭീറിന് ഡെൽഹി ഡെയർഡെവിൾസിനൊപ്പം പഴയ മികവ് തുടരാനായില്ല. ബാറ്റ്സ്മാനെന്ന നിലയിലും, നായകനെന്ന നിലയിലും ഈ സീസണിൽ ഇതേ വരെ വലിയ പരാജയമായിരുന്നു താരം. ഗംഭീറിന്റെ കീഴിൽ കളിക്കാനിറങ്ങിയ ആറിൽ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ഡെയർഡെവിൾസ്, നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.