SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ കളിക്കുന്നത് സ്പെഷ്യൽ ബാറ്റുമായി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റുപയോഗിച്ചാണ് രഹാനെ ഓസീസിൽ കളിക്കുക. ഇന്ന് അഡ്ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ രഹാനെ ക്രീസിലെത്തിയതും ഇതേ ബാറ്റുമായായിരുന്നു.

നിലവിൽ ഇന്ത്യൻ അണ്ടർ 19, എ ടീമുകളുടെ പരിശീലകനായ രാഹുൽ ദ്രാവിഡ് ഓസീസ് പര്യടനത്തിന് മുൻപ് ന്യൂസിലൻഡിൽ നടന്ന എ ടീമിന്റെ ടെസ്റ്റ് പരമ്പരക്കിടെയാണ് രഹാനെയുടെ ബാറ്റിൽ ആശംസകൾ എഴുതി നൽകിയത്. ഇന്ന് ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിംഗ്സിൽ രഹാനെ ക്രീസിലെത്തിയപ്പോളും ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവൻ ഇതിഹാസ താരത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ ബാറ്റിലായിരുന്നു.

അതേ സമയം ദ്രാവിഡിന്റെ ആശംസ പതിഞ്ഞ സ്പെഷ്യൽ ബാറ്റുമായി കളിച്ചെങ്കിലും മത്സരത്തിൽ തിളങ്ങാൻ രഹാനെയ്ക്ക് കഴിഞ്ഞില്ല. ജോഷ് ഹേസൽ വുഡിന്റെ പന്തിൽ ഹാൻസ്കോമ്പിന് ക്യാച്ച് നൽകി പുറത്താകുമ്പോൾ 31 പന്തിൽ 13 റണ്ണുകൾ മാത്രമായിരുന്നു രഹാനെയുടെ സമ്പാദ്യം.